മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ അനധികൃതമായി ആടുമാടുകളുടെ ഇറച്ചി വിൽപന നടത്തുന്നതു സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.
ഹർജി പരിഗണിച്ച കോടതി പഞ്ചായത്ത് സെക്രട്ടറിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് ജൂലൈ 12ന് സമർപ്പിക്കാൻ ഉത്തരവിട്ടു. മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയ്ക്കുവേണ്ടി സെക്രട്ടറി പി.ബി. രമേശ്കുമാറാണ് ഹർജി ഫയൽ ചെയ്തത്. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സ്ഥിരംസമിതി അംഗങ്ങൾ, ജില്ല മെഡിക്കൽ ഓഫീസർ, ജില്ല ഫുഡ് സേഫ്റ്റി ഓഫീസർമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി, മൂവാറ്റുപുഴ ആർഡിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തത്.
ദയ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനധികൃത മാംസ വിൽപന പായിപ്ര പഞ്ചായത്തിൽ നിരോധിച്ചിരുന്നു. എന്നാൽ ഓട്ടോറിക്ഷയിലും സീൽ ചെയ്ത കെട്ടിടങ്ങളിലും മറ്റും അനധികൃതമായി മാംസ വിൽപന നടക്കുന്നെന്നും പഞ്ചായത്ത് അധികൃതർ ഇത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
നിയമപരമായ രീതിയിൽ മാംസവിൽപന നടന്നാൽ പഞ്ചായത്തിൽ ഒരുവർഷം ഒന്നേകാൽ കോടി രൂപ വരുമാനം ലഭിക്കും. ഇപ്പോൾ ഈ വരുമാനം പഞ്ചായത്തിന് നഷ്ടപ്പെടുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.