ഈരാറ്റുപേട്ട: പോലീസ് പിടിയിലായ മോഷണക്കേസ് പ്രതികൾക്കു ലോക്ഡൗണിൽ കിട്ടിയതു എട്ടിന്റെ പണി.
ഈരാറ്റുപേട്ട സ്വദേശികളായ അഫ്സൽ (22), ഉബൈദ് (20) എന്നിവരാണ്് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിൽ ആനിപ്പടി സ്വദേശിയുടെ വീട്ടിൽ നിന്ന് ഇൻവെർട്ടർ ബാറ്ററി മോഷണം പോയിരുന്നു.
തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
ഇതോടെ പ്രതികൾ ഒളിവിൽ പോയി. ഒളിവിലിരുന്ന പ്രതികൾ പൊൻകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിന്നും രണ്ട് പൾസർ ബൈക്കുകളും ഫാസിനോ സ്കൂട്ടറും മോഷ്ടിക്കുകയും ബൈക്കുകൾ വിൽപ്പന നടത്താൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ ലോക്ഡൗണായതോടെ ബൈക്കുകളും സ്കൂട്ടറുകളും ആരും വാങ്ങാത്തതിനെത്തുടർന്നു പ്രതികൾ ബൈക്കുകളും സ്കൂട്ടറുകളും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ഇത്തരത്തിൽ പണമുണ്ടാക്കി ഇതര സംസ്ഥാനത്തേക്ക് കടക്കാമെന്ന് മോഷ്്ടാക്കളുടെ പദ്ധതി നടന്നില്ല.
ഇവരുടെ പക്കലുണ്ടായിരുന്ന പണം തിരുകയും ചെയ്തു. മോഷ്്ടിച്ച് ഉപേക്ഷിച്ച ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
പ്രതികൾ വിൽപന നടത്തിയ ഇൻവെർട്ടർ ബാറ്ററി കാഞ്ഞിരപ്പള്ളിയിലുള്ള ആക്രിക്കടയിൽ നിന്നു കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈരാറ്റുപേട്ട സിഐ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി.ബി. അനസ്, എഎസ്ഐ വിനയരാജ്, അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുണ്‍ ചന്ദ്, ജസ്റ്റിൻ, സിവിൽ പോലീസ് ഓഫീസർ ദിലീപ്, അജിത്ത്, ശരത്ത്, കിരണ്‍ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.