മങ്കൊന്പ്: പ്രളയാന്തരമുള്ള പുഞ്ചകൃഷിയിറക്കിയിരിക്കുന്ന കുട്ടനാട്ടിലെ കായൽ നിലങ്ങളിൽ എരണ്ടശല്യവും പുളിയിളക്കവും വിത പിടിക്കുന്നതിനു തടസമാകുന്നു. ഒരാഴ്ചയോളമായി വിത നടന്നുകൊണ്ടിരിക്കുന്ന എച്ച് ബ്ലോക്ക്, മെത്രാൻ കായൽ, ഇരുപത്തിനാലായിരം കായൽ എന്നിവിടങ്ങളിലാണ് എരണ്ടെയെന്ന ദേശാടനപ്പക്ഷി കർഷകർക്കു തലവേദനയാകുന്നത്.
യൂറോപ്പിൽ നിന്നെത്തുന്ന ദേശാടനപ്പക്ഷികൾ ഏറെയും കുട്ടനാട്ടിലെ കായൽ നിലങ്ങളിലാണ് എത്തിച്ചേരുക. കൂട്ടമായി പാടത്തെത്തുന്ന ഇവ ഒരുക്കിയിട്ടിരിക്കുന്ന നിലങ്ങൾ അലങ്കോലമാക്കുകയും വിതച്ച വിത്തും കിളിർത്തുപൊങ്ങിയ ഞാറും ആഹാരമാക്കുന്നു.
ഞാറു കിളിർത്തുനിൽക്കുന്ന പാടശേഖരങ്ങളെ ഇവ ചതുപ്പുനിലംപോലെയാക്കും. അധികം ദിവസമാകാത്ത നിലങ്ങളിൽ വീണ്ടും വിതയ്ക്കുക മാത്രമേ പോംവഴിയുള്ളു. മുൻ വർഷങ്ങളിലും ഇതേ കായലുകളിൽ എരണ്ടശല്യം അനുഭവപ്പെട്ടിരുന്നു.
ഇത്തവണ വിതയുടെ ഘട്ടത്തിലാണെങ്കിൽ കഴിഞ്ഞതവണ വിളവെടുപ്പിനു ദിവസങ്ങൾ മാത്രമവശേഷിക്കെയാണ് ഇവയുടെ ആക്രമണമുണ്ടായത്. പലയിടത്തായി നൂറ്റന്പതിലേറെ ഏക്കറിലെ കൃഷിയാണ് നശിച്ചത്. കർഷകരുടെ പരാതിയെത്തുടർന്ന് കൃഷിമന്ത്രി ഇവിടം സന്ദർശിച്ചതിനെ തുടർന്നു വനംവകുപ്പുദ്യോഗസ്ഥരും കായലിലെത്തിയിരുന്നു.
എന്നാൽ പക്ഷികളെ ആക്രമിക്കാനോ തുരത്താനോ നിയമം അനുവദിക്കാത്തതിനാൽ കർഷകർക്കു നിരാശയായിരുന്നു ഫലം.എരണ്ടയ്ക്കുപുറമേ പ്രളയശേഷം കായൽ നിലങ്ങളിൽ വ്യാപകമായി കാണുന്ന പുളിയിളക്കവും വിത്തുകൾ മണ്ണിൽ ചുവടുറപ്പിക്കുന്നതിനു തടസമാകുന്നുണ്ട്.
നേരത്തെ പാടശേഖരങ്ങളിലും പുളിയിളക്കം കാണപ്പെട്ടിരുന്നു. പുളിയിളകുന്ന മണ്ണിൽ വിത്തുകൾ വേരുറയ്ക്കുന്നതിനു തടസമാകുന്നു. നീറ്റുകക്കയോ ഡോളോമിറ്റോ പാടത്തു വിതറുകയെന്നതാണ് പുളിയിളക്കത്തിനുള്ള പരാഹാര മാർഗം.
ഇതേ തുടർന്ന് 75 ശതമാനം സബ്സീഡി നിരക്കിൽ കൃഷിവകുപ്പ് കർഷകർക്ക് നീറ്റുകക്ക നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ നീറ്റുകക്ക വിതരണത്തിൽ വ്യാപകമായി അഴിമതിയാരോപണവും ഉയർന്നുവന്നു. പ്രശ്നപരിഹാരത്തിന് ഉപകരിക്കാത്ത ഗുണനിലവാരമില്ലാത്ത നീറ്റുകക്കയാണ് ഭൂരിഭാഗവും വിതരണം ചെയ്തത്. വിതരണച്ചുമതലയേറ്റ സഹകരണസംഘങ്ങൾ അമിതവില ഈടാക്കിയും തൂക്കത്തിൽ കുറച്ചുമാണ് കർഷകരെ ചൂഷണം ചെയ്തത്.
കൃഷിക്കു തടസംനിൽക്കുന്ന ദേശാടനപ്പക്ഷികളെ നിയന്ത്രിക്കുക, പുളിയിളക്കം തടയാൻ ഗുണമേൻമയുള്ള നീറ്റുകക്കയോ ഡോളോമെറ്റൊ നൂറുശതമാനം സബ്സീഡി നിരക്കിൽ വിതരണം ചെയ്യുക എന്നീ സഹായങ്ങൾ അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.