തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തി വരികയായിരുന്ന ഇറാനിയൻ സംഘത്തിലെ നാല് പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു.
സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ചേർത്തലയിലെ ഒരു സ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷം തിരുവനന്തപുരത്തെത്തിയ സംഘം കൂടുതൽ കവർച്ചകൾക്ക് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്.
തിരുവല്ലയിലും ചേർത്തലയിലും ഈ സംഘം കവർച്ചകൾ നടത്തിയിരുന്നു. കേരളത്തിൽ കവർച്ചകൾ നടത്തുന്ന ഇറാനിയൻ സംഘത്തെപ്പറ്റി പോലീസ് നേരത്തെയറിഞ്ഞിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടലിലെത്തിയ പോലീസിന് ഇറാനിയൻ സംഘത്തിൽ നിന്നും മതിയായ രേഖകൾ ലഭിക്കാത്തതിനെത്തുടർന്നാണ് സംശയം ഉടലെടുത്തത്. പ്രതികളെ ചേർത്തല പോലീസിന് കൈമാറി.
തിരുവനന്തപുരം മുതൽ ഡൽഹി വരെ കവർച്ചകൾ നടത്തി വന്ന 24 അംഗ സംഘത്തിലെ നാലുപേരാണ് പിടിയിലായത്. സംഘത്തിൽ ഇന്ത്യാക്കാരുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഇന്ത്യ മുഴുവൻ മോഷണം നടത്താൻ ഡൽഹിയിൽ ജനുവരി മുതൽ ക്യാമ്പ് ചെയ്ത് പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു സംഘം.
നുറുകണക്കിന് മോഷണങ്ങൾ ഇതുവരെ ഈ സംഘം നടത്തിയതായാണ് വിവരം. നാലംഗ സംഘം കേരളത്തിലെത്തിയത് പണമിടപാട് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനാണെന്ന് പോലീസ് പറഞ്ഞു.