തലശേരി: ഇശലിന്റെ സുൽത്താൻ എരഞ്ഞോളി മൂസക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതികദേഹം പൂർണ ഔദ്യാഗിക ബഹുമതികളോടെ ആയിരങ്ങളെ സാക്ഷിനിർത്തി മട്ടാമ്പ്രം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കി.
രാവിലെ ഒമ്പതോടെ ഭൗതികദേഹം തലശേരി മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. എരഞ്ഞോളി മൂസയോടുള്ള ആദരസൂചകമായി സർവ്വകക്ഷി ആഹ്വാന പ്രകാരം ഇന്നു രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തലശേരി നഗരത്തിൽ ഹർത്താൽ ആചരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് അന്തരിച്ച എരഞ്ഞളി മൂസക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നൂറു കണക്കിനാളുകളാണ് തലശേരി ചാലിലെ “ഐശു’ എന്ന ഭവനത്തിലേക്ക് ഒഴുകിയെത്തിയത്. വാഹനങ്ങളിൽ നൂറുകണക്കിന് സംഗീതപ്രേമികൾ ഒഴുകിയെത്തിയതോടെ ചാലിൽ പ്രദേശത്തെ റോഡ് ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. ഇതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തുടർന്ന് ആളുകൾ കാൽനടയായിട്ടാണ് പ്രിയ മുസക്കയെ ഒരു നോക്കു കാണാൻ എത്തിയത്.
എ.എൻ.ഷംസീർ എംഎൽഎ, വി.ടി. മുരളി, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എ.പി.അബ്ദുള്ളക്കുട്ടി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഒ.കെ.വാസു, ബിനീഷ് കോടിയേരി, ഡോ.സതീശൻ ബാലസുബ്രഹ്മണ്യം, തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ഫാ.തോമസ് തയ്യിൽ, അഷ്റഫ് പുറവൂർ തുടങ്ങിയവർ ടൗൺഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.