ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കൻ അന്പയർ മറൈസ് ഇറാസ്മസ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ ആരംഭിച്ച ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റോടെ ക്രിക്കറ്റ് മൈതാനത്തുനിന്ന് ഇറാസ്മസ് വിരമിക്കും.
രാജ്യാന്തര പുരുഷ ക്രിക്കറ്റിൽ 82 ടെസ്റ്റും 124 ഏകദിനവും 43 ട്വന്റി-20യും ഇദ്ദേഹം ഓണ്‍ഫീൽഡ് അന്പയറായി നിയന്ത്രിച്ചു. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 18 ട്വന്റി-20യുടെ അന്പയറുമായി. 131 രാജ്യാന്തര മത്സരങ്ങളിൽ ടിവി അന്പയറുമായിട്ടുണ്ട്.
പുരുഷ വിഭാഗത്തിൽ നാല് ഐസിസി ഏകദിന ലോകകപ്പിലും ഏഴ് ട്വന്റി-20 ലോകകപ്പിലും വനിതാ വിഭാഗത്തിൽ മൂന്ന് ട്വന്റി-20 ലോകകപ്പിലും അന്പയറായിട്ടുണ്ട്.
മാത്യൂസിന്റെ ടൈംഡ് ഔട്ട്
2019 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിച്ചപ്പോഴും 2023 ലോകകപ്പിൽ ശ്രീലങ്കയുടെ എയ്ഞ്ചലൊ മാത്യൂസ് ടൈംഡ് ഔട്ട് ആയപ്പോഴും ഇറാസ്മസ് ആയിരുന്നു ഓണ്‍ ഫീൽഡ് അന്പയർ. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഒരു ബാറ്റർ ടൈംഡ് ഔട്ട് ആകുന്നത്.
മൂന്ന് തവണ (2016, 2017, 2021) ഐസിസിയുടെ മികച്ച അന്പയറിനുള്ള ഡേവിഡ് ഷെപ്പേർഡ് ട്രോഫി പുരസ്കാരം നേടിയിട്ടുണ്ട്. 2006 ഫെബ്രുവരിയായിരുന്നു ഇറാസ്മസ് രാജ്യാന്തര അന്പയറായി അരങ്ങേറിയത്.