സ്വന്തം ലേഖകൻ
കണ്ണൂർ: യുഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ബെന്നി ബഹന്നാനും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരനും രാജി വച്ചതോടെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള കെ. സുധാകരൻ എംപിയുടെ രാജിക്കായും സമ്മർദം.
നിലവിൽ എംപിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഇരട്ടപദവി അലങ്കരിക്കുന്നതിൽ പ്രമുഖർ. എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്കിയതിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിൽ വിവാദം വന്നിരുന്നു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരാൾക്ക് ഒരു പദവി മതിയെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ, എ,ഐ ഗ്രൂപ്പുകൾ ഇതു പ്രായോഗികമല്ലെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് എംപിമാർക്ക് മറ്റ് സ്ഥാനമാനങ്ങൾ നല്കിയത്.
രണ്ട് പദവികൾ ഉള്ളതിനാലാണ് താൻ ഒഴിയുന്നതെന്നാണ് കെ. മുരളീധരൻ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. ജംബോ കമ്മിറ്റിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ. സുധാകരനും പരാതി നല്കിയിരുന്നു.
കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറെ സംസ്ഥാന കോൺഗ്രസ് നേതൃത്വം സമീപിച്ചതായാണ് സൂചന.