കൊച്ചി: കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോയെന്നും ഇതെങ്ങനെ പ്രായോഗികമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടെ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണുളളത്. ഇടത് അനുകൂല ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിലും കൃത്രിമം കാണിക്കുന്നുണ്ട്.
4.34 ലക്ഷം വ്യാജ വോട്ടുകൾ വോട്ടർ ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇന്ന് രാത്രിhttp://www.operationtwins.com എന്ന വെബ്സൈറ്റിലൂടെ ഇക്കാര്യം പരസ്യമാക്കുമെന്നും ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പല ബുത്തുകളിലായി ചേർത്തിരിക്കുന്ന വ്യാജ വോട്ടുകൾ ബിഎൽഒമാർ കണ്ടുപിടിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു.
ബിഎൽഒമാർക്ക് അതാത് ബൂത്തുകളിലെ വോട്ടർമാരുടെ വിവരങ്ങൾ മാത്രമേ അറിയൂ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം എന്നിവ മാറിപോലും നിരവധി വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇത് അവർ എങ്ങനെ കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു.
ഇരട്ടവോട്ടുകൾ വ്യാപകമായി കയറിക്കൂടിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ച സംഭവിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ നടക്കണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹം.
വ്യാജന്മാർ വോട്ട് രേഖപ്പെടുത്തരുത്. ജനാധിപത്യത്തിൽ ഒരാൾക്ക് ഒരു വോട്ട് എന്നത് പാലിക്കപ്പെടണം. അല്ലാത്തപക്ഷം ജനാധിപത്യം തകരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.