കൂത്തുപറമ്പ്: ഇരട്ടക്കുട്ടികൾ അപൂർവ കാഴ്ചയല്ല. എന്നാൽ ഒരുപാട് ഇരട്ടക്കുട്ടികൾ മിക്ക ദിവസങ്ങളിലും ഒരേ സ്ഥലത്ത് സംഗമിക്കുന്നുണ്ടെങ്കിലോ? എങ്കിലത് കൗതുക കാഴ്ചയാവുമെന്നതിൽ സംശയമില്ല. കൂത്തുപറമ്പ് യുപി സ്കൂളാണ് എട്ട് ഇരട്ടക്കുട്ടികളുടെ ഈ അപൂർവ സംഗമകേന്ദ്രമായിരിക്കുന്നത്.
അഞ്ചാം ക്ലാസ് വിദ്യാർഥികളായ സച്ചിൻ, സൗരവ്, എന്നിവരും അഫ്ലസ്, ഉമൈബ എന്നിവരും ഷാന ഷാജി, ഷിയോണ ഷാജി എന്നിവരും ആറാം ക്ലസ് വിദ്യാർഥികളായ സഫൽ, സാനിയ, എന്നിവരും ഏഴാം ക്ലാസ് വിദ്യാർഥികളായ ഭൂമിക, ആദർശ്, എന്നിവരും സ്വാതി പ്രഭാകരൻ, ശ്വേത പ്രഭാകരൻ എന്നിവരുമാണ് ഈ ഇരട്ടകൾ.
ഇവരിൽ നാല് ഇരട്ടകളെ അധ്യാപകർക്ക് പോലും തിരിച്ചറിയാൻ സാധിക്കില്ല. ഇത്രയധികം ഇരട്ടക്കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് ഭാഗ്യമായാണ് കാണുന്നതെന്ന് അധ്യാപകർ പറയുന്നു. അതേപോലെ ഈ കാര്യത്തിൽ ഏറെ സന്തോഷത്തിലാണ് ഈ കുട്ടികളും.
സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇവർക്കായി സംഘടിപ്പിച്ച മത്സരത്തിൽ ഒട്ടും തിരിച്ചറിയാനാവാത്ത ഇരട്ടക്കുട്ടികളായി സ്വാതി പ്രഭാകരനും സ്വേത പ്രഭാകരനും തിരഞ്ഞെടുക്കപ്പെട്ടു.ഷാന ഷാജി, ഷിയോണ ഷാജി എന്നിവർ രണ്ടാം സ്ഥാനവും സച്ചിൻ, സൗരവ് എന്നിവർ മൂന്നാം സ്ഥാനവും നേടി. മുഴുവൻ ഇരട്ടക്കുട്ടികൾക്കും സ്കൂൾ അധികൃതർ ഉപഹാരവും മധുരവും വിതരണം ചെയ്തു.ഈ ഇരട്ടക്കുട്ടികളിൽ ഏഴാം ക്ലാസുകാരായ ആറു പേർ ഇത്തവണ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങും.