തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ കാലുപിടിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ അവഹേളിച്ച ഗവർണർക്കെതിരായ സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പ് വെളിവായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആരെ പറ്റിക്കാനാണു മുഖ്യമന്ത്രി നാടകം കളിക്കുന്നത്?. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അന്തർധാരയുണ്ട്. ലാവ്ലിൻ അഴിമതിക്കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ നാടകം കളിക്കുന്നത്.
ഒരു ഗവർണർ വഴിനീളെ പത്രസമ്മേളനം നടത്തി എല്ലാവരെയും വിമർശിക്കുകയാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രതിപക്ഷം പോരാട്ടം തുടരുമെന്നും നിയമസഭ ബഹിഷ്കരിച്ച് പുറത്തു മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു.
ഗവർണർ ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റാണ്. നിയമസഭയിൽ നടന്നതു നാടകമാണ്. ഗവർണർ പദവി വേണ്ടെന്നാണു സിപിഎം പറയുന്നത്. എന്നിട്ടു നയപ്രഖ്യാപനം വായിക്കാൻ മുഖ്യമന്ത്രി ഗവർണറുടെ കാലുപിടിക്കേണ്ട ഗതികേടിലെത്തിയെന്നും ചെന്നിത്തല പരിഹസിച്ചു.