ഇരിട്ടി: ഭാരനിയന്ത്രണ നിര്‍ദേശം ലംഘിച്ച് ഇരിട്ടി പാലത്തില്‍ കയറുന്ന ലോറികള്‍ തുടര്‍ച്ചയായ ഗതാഗതകുരുക്കുണ്ടാക്കുന്നു. ഇന്നലെ രാത്രി കണ്ടെയ്നര്‍ ലോറി ഇരിട്ടി പാലത്തില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം തലശേരി-കുടക് അന്തർസംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് ഇരിട്ടി- ജബ്ബാര്‍കടവ് – കോളിക്കടവ് വഴി വാഹനങ്ങ തിരിച്ചുവിട്ടു.
ഇന്നലെ രാത്രി ഒന്‍പതേ മൂക്കാലോടെയാണ് ടൗൺ ഭാഗത്തുനിന്ന് കൂറ്റന്‍ കണ്ടെയ്നര്‍ ലോറി പാലത്തില്‍ കയറിയത്. പാലത്തിന്റെ ഇരുമ്പുഗര്ഡറുകളിൽ കണ്ടെയ്നറിന്റെ മുകള്ഭാഗം ഉടക്കിയതോടെ ലോറി കുടുങ്ങി. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാനിലയം അധികൃതരും ചേര്‍ന്ന് ലോറിയുടെ ടയറിന്റെ കാറ്റുകള്‍ അഴിച്ചുവിട്ട് ഉയരം ക്രമീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
തുടര്‍ന്ന് പാലത്തിന്റെ മേൽക്കൂടിന്റെ ഭാഗം മുറിച്ചുനീക്കി. ലോറി പിന്നോട്ടുമാറ്റിയപ്പോള് വീണ്ടും മേല്‍ക്കൂടിന്റെ ഇരുമ്പു ഗര്‍ഡറുകളിൽ ഉരഞ്ഞ് വലിയ ശബ്ദമുണ്ടാവുകയും പാലം കുലുങ്ങുകയും ചെയ്തത് കുറച്ചുനേരം ഭീതിപരത്തി.
തകര്‍ച്ച നേരിടുന്ന ഇരിട്ടി പാലത്തിലൂട 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്ന് ഉത്തരവുള്ളതാണ്.
ഇത് ഉറപ്പാക്കാന്‍ ഇരുവശത്തും ഹോംഗാര്‍ഡിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും കർശന നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചതോടെ പഴയപാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് ഗതാഗതം. അഞ്ചു ദിവസം മുന്‍പും സമാനമായ രീതിയില്‍ പാലത്തില്‍ ലോറി കുടുങ്ങിയിരുന്നു. അന്നും മേല്‍ക്കൂട് മുറിച്ച് മാറ്റുകയായിരുന്നു.