ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചലും കാരണം തകര്‍ന്ന റോഡ് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനാൽ ഇരിട്ടി- വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ ബസുകള്‍ ഉള്‍പ്പെടെ വലിയവാഹനങ്ങള്ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയും മാസങ്ങളെടുക്കും..80 ദിവസമായി അന്തര്‍സംസ്ഥാന പാതയില്‍ ബസ് ഗതാഗതം നിലച്ചിട്ട്. മാക്കൂട്ടം വനത്തില്‍ എട്ട് ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞിരുന്നു.
മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗങ്ങളില്‍ 90 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും മരങ്ങൾ വീഴുകയും ചെയ്തത്. ഒരുമാസം പൂര്‍ണമായും അടച്ചിട്ട റോഡ് താത്കാലിക അറ്റകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കര്‍ണാടക സംസ്ഥാന ഹൈവെ 91ന്റെ ഭാഗമാണ് 86 കിലോമീറ്ററുള്ള മാക്കൂട്ടം റോഡ്. ഇതില്‍ 16.5 കിലോമീറ്റര്‍ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗമാണ് സ്ഥിരം അപകടമേഖല.
16 കിലോമീറ്റര്‍ റോഡില്‍ 15 ഇടങ്ങളില്‍ കൊടും വളവുകളാണ്. മൂന്നിടങ്ങളില്‍ മുമ്പ് കോണ്‍ക്രീറ്റ് ചെയ്തു രണ്ട് കിലോമീററര്‍ ദൂരത്തില്‍ ഇരുമ്പ് ബാരിക്കേഡുകള്‍ തീര്‍ത്തും സുരക്ഷ ഒരുക്കിയെങ്കിലും റോഡ് പൂര്‍ണമായും ഇപ്പോള്‍ അപകടഭീഷണിയിലാണ്. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മൂലം ഏറെ ദുരിതത്തിലായത് മലയാളികളാണ്.
ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ് കൂട്ടുപുഴ പാലവും കടന്ന് ചുരം റോഡ് കയറി വീരാജ്പേട്ട, മൈസൂരു, ബാംഗളൂരു ഭാഗങ്ങളിലേക്ക് എത്തുന്നത്. ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടതോടെ പലരും യാത്രതന്നെ റദ്ദാക്കിയിരിക്കുകയാണ്. തോട്ടം തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ഥികളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് കണക്കില്ല.
ഇരിട്ടിയില്‍ നിന്ന് ജീപ്പുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. 45രൂപ ബസിന് വേണ്ടിടത്ത് 150 രൂപയാണ് പേട്ടയിലേക്ക് പോകാന്‍ നല്‍കേണ്ടത്. ഇത് വിദ്യാര്‍ഥികളെയും തൊഴിലാളികളെയും വ്യാപാരികളേയും ഏറെ പ്രയാസത്തിലാക്കുന്നു. ചുരം റോഡ് ശാസ്ത്രീയമായി നവീകരിക്കുന്നതിന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് ആറുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മഴ മാറിനിന്നിട്ടും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
50 ലക്ഷം രൂപ ചെലവിലാണ് താലിക അറ്റകുറ്റപണികള്‍ നടത്തിയത്. ഒരുമാസത്തിനുള്ളില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കത്തക്കരീതിയില് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. പ്രവ്യത്തി ടെന്‍ഡര്‍പോലും ചെയ്തിട്ടില്ല. കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിമൂലം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ട് തിരിഞ്ഞതാണ് കാരണമെന്ന് പറയുന്നു.