ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കുന്നില്ലെന്ന് പറയുന്നു. തിങ്കളാഴ്ച പണം തിരികെ നല്കാമെന്നു ബാങ്ക് അധികൃതർ അറിയിച്ചിരുന്നതിനാലാണ് നിക്ഷേപകർ എത്തിയത്.
എന്നാൽ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നിക്ഷേപകർ നിലത്തുകിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി അബ്ദുൽ അസീസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ അസീസിനെ പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എട്ട് ലക്ഷം രൂപയാണ് അബ്ദുൽ അസീസിനു നിക്ഷേപമുള്ളത്. എസ്പി അടക്കമുള്ളവർക്കും നവകേരള സദസ് വഴി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ ഈരാറ്റുപേട്ട പോലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നൽകിയെങ്കിലും എഫ്ഐആർ ഇടാൻ പോലും തയാറായില്ല.
മകളുടെ വിവാഹം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം കണ്ടെത്താനാകാതെ നിക്ഷേപകർ കടുത്ത മാനസിക സമ്മർദത്തിലാണ്. നിക്ഷേപകർ പരാതിയുമായി എത്തിയെങ്കിലും പോലീസ് കേസെടുക്കാതെ ഇഡിക്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിക്കാനാകില്ല.
പോലീസിന്റെ ഒളിച്ചുകളിക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ നീക്കം.സിപിഎം ആണ് ബാങ്ക് ഭരിക്കുന്നത്. അനാവശ്യ ലോണുകൾ മൂലമാണ് ബാങ്ക് പൊളിഞ്ഞതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. 45-ഓളം നിക്ഷേപകരാണ് ഇന്നലെ ബാങ്കിലെത്തിയത്.