കോട്ടയം: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറയില്‍ സി.എസ്. സബീര്‍ (35), ആര്‍പ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടില്‍ മോഹിത് കൃഷ്ണ (കണ്ണന് 41), കോട്ടയം പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് കാരത്തറ മുരളി (50), കോതമംഗലം നെല്ലിമറ്റം ഭാഗത്ത് വടക്കേടത്ത്പറമ്പില്‍ സച്ചു (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിനു സമീപമുള്ള വീട്ടില്‍ കഴിഞ്ഞമാസം 27നു രാത്രി 11.45ന് അതിക്രമിച്ചുകയറി വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൈയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇവര്‍ക്ക് ഗൃഹനാഥന്റെ കുടുംബത്തോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സാജിദ് നസീര്‍, അന്‍സാരി എം.ബി , ശ്രീനി യോഹന്നാന് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ പിടികൂടുന്നതിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു നടത്തിയ തിരച്ചിലില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു.
സബീര്‍ ഈരാറ്റുപേട്ട, ആലപ്പുഴ, പള്ളിക്കത്തോട്, കടുത്തുരുത്തി, പൊന്‍കുന്നം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും, മോഹിത് കൃഷ്ണ ഏലൂര്‍ സ്റ്റേഷനിലെയും. മുരളി കിടങ്ങൂര്‍ സ്റ്റേഷനിലെയും ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.