ഈരാറ്റുപേട്ട: അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ നിന്നും ഒരു പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക്. ഈരാറ്റുപേട്ട തെക്കേക്കരയിലാണ് സംഭവം.
ഇന്നലെ അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടാവുകയായിരുന്നു. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പോലീസ് ലാത്തി വീശേണ്ടിവന്നു.
സംഭവത്തിൽ എസ്ഐക്കും പ്രദേശവാസിക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തുള്ള രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു നാളായി തർക്കം നിലനിൽക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രശ്നം പരിഹരിക്കാൻ ഈ വിഷയത്തിൽ ഇടപെടുന്നത്.
ഇന്നലെ രാവിലെ ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞു തീർത്തു. തിരികെ വീട്ടിലെത്തിയതിനു ശേഷവും ഇരുവീട്ടുകാരും തമ്മിൽ തർക്കമായി.
ഇതു സംബന്ധിച്ചു അയൽക്കാരൻ വഴക്കുണ്ടാക്കുന്നതായി പരാതി നൽകിയ ആൾ വീണ്ടും പോലീസിൽ അറിയിച്ചു. അന്വേഷിക്കാനെത്തിയ പോലീസ് പ്രശ്നമുണ്ടാക്കിയ ആളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ രണ്ടു സംഘമായി തിരിഞ്ഞ് പോലീസുമായി സംഘർഷമുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പോലീസ് എത്തി നാട്ടുകാരെ പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ ഒരു സംഘം ആളുകൾ പോലീസിനെ ആക്രമിക്കാൻ തുനിഞ്ഞതോടെയാണ് പോലീസ് ലാത്തിവീശിയത്. സംഘർഷത്തിൽ പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ സജീവിനും എസ്ഐ ജോസഫിനും പരിക്കേറ്റു.
വ്യക്തമായ കാരണമില്ലാതെ യുവാവിനെ പിടിച്ചു കൊണ്ടു പോകാൻ പോലീസ് ശ്രമിച്ചതിനാലാണു വാഹനം തടഞ്ഞതെന്നു പ്രദേശവാസികൾ പറയുന്നു. കൃത്യ നിർവഹണം തടസപ്പെടുത്തിയതിൽ പ്രദേശത്തെ ഒട്ടേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു.