കൊല്ലങ്കോട്: ആദിവാസി എറവാളൻ സമുദായ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റില്ലാത്തതിനാൽ രണ്ടു കോളനികളിലായി നാൽപ്പതു കുടുംബങ്ങൾ വികസനമെത്താതെ നരകതുല്യ ജീവിതം തള്ളിനീക്കുന്നു. നെന്മേനി, പറത്തോട് പുത്തൻപ്പാടം കോളനിവാസികളാണ് കുടിവെള്ളം, വീട്, സഞ്ചാരയോഗ്യമായ പാത പോലുമില്ലാതെ വർഷങ്ങളായി ദുരിതം പേറുന്നത്.
ഈ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ ശ്മശാനത്തിലേക്ക് എത്തിക്കാൻ മുക്കാൽ കിലോമീറ്റർ ദൂരം വയൽ വരന്പിലൂടെ പുതപ്പിൽ പൊതിഞ്ഞുള്ള നടത്തം തന്നെ ആവർത്തിച്ചുവരികയാണ്.
2017 മുതൽ ഇവിടെയുള്ളവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകിയിരുന്നത് വകുപ്പ് നിർത്തലാക്കുകയാണ് ഉണ്ടായത്. ഇവരുടെ വസ്ത്രധാരണം, ഭാഷ മറ്റു നടപടി ക്രമങ്ങളും ആദിവാസി സമുദായങ്ങളുടേതല്ല എന്നതാണ് സർട്ടിഫിക്കറ്റ് നിർത്തലാക്കിയതിനു കാരണമായി വകുപ്പ് അധികൃതർ അറിയിച്ചത്.
ഇവിടെ താമസിക്കുന്നവർക്ക് മുൻകാലത്ത് രക്ഷിതാക്കൾക്ക് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് മക്കൾക്കും ബാധകമല്ലെന്ന് അധികൃതർ പറയുന്നു. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയ മുന്നു പേർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സംവരണ പട്ടികയിൽപെടാത്തതിനാൽ ജോലി നഷ്ടമായിട്ടുണ്ട്.
പനയോല മേൽക്കൂരയും തെങ്ങോല ഭിത്തിയിൽ നിർമിച്ച കുടിലുകളിലാണിന്നും താമസം. സംസ്ഥാന സർക്കാർ ആദിവാസി കുടുംബങ്ങൾക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ഇവയൊന്നും രണ്ടു കോളനിയിലെ നാൽപ്പതു കുടുംബങ്ങളിൽ എത്തിയിട്ടില്ല.
കോളനിവാസികൾ വീടിനും വെളിച്ചത്തിനും റോഡിനും വേണ്ടി ബന്ധപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ ആവശ്യം ഉന്നയിച്ച് പന്ത്രണ്ട് വർഷം പിന്നിട്ടതായി പ്രദേശവാസികൾ പറയുന്നു.
മൂന്നു വർഷം മുൻപ് കൊല്ലങ്കോട് നന്പർ ടു വില്ലേജ് ഓഫീസിനു മുന്നിൽ കുഞ്ഞുങ്ങളേയും വീട്ടമ്മമാരേയും അണിനിരത്തി കുടിൽ കെട്ടി സമരം നടത്തിയത് 254 ദിനരാത്രങ്ങളാണ്.
അന്ന് ജില്ലാ കളക്ടറായിരുന്ന കെ. ബാലമുരളി സമരക്കാരെ ചേംബറിൽ വിളിച്ചു വരുത്തിയതൊഴിച്ചാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
മഴ പെയ്യുന്പോൾ ഓലക്കുടിലിനകത്തു പാത്രങ്ങൾ നിരത്തുകയും മഴനിലച്ചാൽ വെള്ളം പുറത്തൊഴിച്ച ശേഷം മഴവെള്ളത്തിൽ തണുത്ത മണ്ണിൽ ചാക്ക് വിരിച്ച് അതിനു മുകളിൽ പായ വിരിച്ച് കുഞ്ഞുങ്ങളെ കിടത്തിയുറക്കുകയാണ് കോളനി വീട്ടമ്മമാർ.
പത്താം ക്ലാസിൽ പഠിത്തം കഴിഞ്ഞാൽ പിന്നെ ഉപരിപഠനം എറവാളൻ കുടുംബ ജാതി സർട്ടിഫിക്കറ്റിലെന്നതിനാൽ സംവരണ പട്ടികയില്ലെന്നതിനാൽ പഠന സൗകര്യവും വഴിമുട്ടുകയാണ്.
സമരത്തിനു വില്ലേജിനു പകരം പഞ്ചായത്ത് കാര്യാലയ കവാടത്തിലാണ് വേദിയൊരുങ്ങുന്നത്. പറക്കോട്, പുത്തൻപ്പാടം കോളനിവാസികൾക്ക് വീടും റോഡും കുടിവെള്ളവും എത്തിക്കണമെന്ന മൗലികാവശ്യം മുൻ നിർത്തിയാണ് സമരത്തിനൊരുങ്ങുന്നത്.