ഇരവിപേരൂർ: ഹൈക്കോടതി ഉത്തരവിനേ തുടർന്ന് ടികെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനു സമീപത്തു നിന്നും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത് വെളുക്കാൻ തേച്ചത് പാണ്ടെന്ന പോലെയായി. പെട്രോൾ പന്പിനു മുന്പിൽ നിന്നും ഒഴിപ്പിച്ച വഴിയോര കച്ചവടക്കാർ അതേ റോഡിൽ നൂറുമീറ്റർ പോലും ദൂരമില്ലാത്ത വരാപ്പാലത്തിന് മറുകരയിൽ സ്ഥാനം പിടിച്ചു.
റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും പരിഹാരമാകാനാണ് തിങ്കളാഴ്ച പെട്രോൾ പന്പിനു മുന്നിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ ഇപ്പോൾ പാലത്തിനക്കരെ ടികെ റോഡിൽ തന്നെ ഏറെ അപകടം വിളിച്ചു വരുത്തുന്ന രീതിയിലാണ് ഇന്നലെ മുതൽ വീണ്ടും വഴിയോര കച്ചവടക്കാർ സ്ഥാനം പിടിച്ചിരിക്കുന്നത്.
പാലത്തോടു ചേർന്നുള്ള ആക്രിക്കടയ്ക്കു സമീപമായിട്ടാണ് പച്ചക്കറി, മത്സ്യവിപണന സ്റ്റാളുകൾ സ്ഥാപിച്ചത്. ഇതിനോടു ചേർന്നു ലഘുഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. പോലീസ് വാഹനങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലവും ഇവിടെ തന്നെയാണ്. പെട്രോൾ പന്പിനു മുന്പിൽ റോഡിനുണ്ടായിരുന്ന വീതി പുതിയ സ്ഥലത്തില്ല. വീതിക്കുറവുള്ള റോഡിൽ വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങിക്കുന്പോൾ ഗതാഗതക്കുരുക്കിനും കാരണമാകും.
അമിതവേഗത്തിൽ കോഴഞ്ചേരി ഭാഗത്തുനിന്നും പാലത്തിലൂടെയെത്തുന്ന വാഹനങ്ങൾ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയിറങ്ങുന്നവർക്ക് കാണാനും സാധിക്കില്ല. ഇത് കൂടുതൽ അപകടങ്ങൾക്കും വഴിതെളിക്കും. തിങ്കളാഴ്ച രാവിലെ പൊതുമരാമത്ത്, റവന്യു, പോലീസ് ഉദ്യോഗസ്ഥർ വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയപ്പോഴും കച്ചവടക്കാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
കച്ചവടക്കാർ ഒഴിഞ്ഞുപോകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അന്ന് ഉച്ചകഴിഞ്ഞു 3.30 വരെ മാത്രമാണ് ഉദ്യോഗസ്ഥർ സമയം അനുവദിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ കച്ചവടക്കാർ ഒഴിഞ്ഞു പോകുകയായിരുന്നു. ഉടമസ്ഥരില്ലാതിരുന്ന തട്ടുകൾ പൊതുമരാമത്ത് അധികൃതർ തന്നെ ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലേക്കു മാറ്റിയിരുന്നു. ഇത്തരത്തിൽ ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലേക്കു മാറ്റിയ തട്ടുകൾ ഇന്നലെ അവിടെ തന്നെ തുറന്നു കച്ചവടം നടത്തി.
അധികൃതർ തന്നെ കച്ചവടത്തിന് സ്ഥലം ഒരുക്കിയ സന്തോഷത്തിലാണ് ഇവർ. തട്ടുകളിൽ കച്ചവടം പൊടിപൊടിക്കുന്പോൾ പോസ്റ്റ് ഓഫീസ് റോഡിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വഴിയോര കച്ചവടം മൂലം തിരക്ക് അനുഭവപ്പെട്ടിരുന്ന റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതിനാൽ അപകടങ്ങളും നിത്യസംഭവമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലുപേർ റോഡിൽ വിവിധ അപകടങ്ങളിൽ മരണപ്പെടുകയും ചെയ്തിരുന്നു.
ടികെ റോഡിലെ അനധികൃത വ്യാപാരത്തെ സംബന്ധിച്ച് വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ ജില്ലാ വികസനസമിതിയിൽ വിഷയം ഉന്നയിച്ചിരുന്നു. ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ ജോർജ് മാമ്മൻ കൊണ്ടൂരും കക്ഷിചേർന്നു. അനധികൃത വ്യാപാരം ഒഴിപ്പിക്കാൻ കോടതി നിർദേശിച്ചെങ്കിലും നടപടി വൈകിയിരുന്നു.
മുന്പും പലതവണ ടികെ റോഡിലെ ഇരവിപേരൂരിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വീണ്ടും സജീവമായിരുന്ന വഴിയോര കച്ചവടക്കാർ ഇത്തവണയും പതിവ് മുടക്കിയില്ല. ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ആക്കംകൂട്ടാൻ കൂടുതൽ ശക്തിയോടെ ടികെ റോഡിൽ തന്നെ കച്ചവടം കൊഴുപ്പിക്കുകയാണ് ഇവർ. ഇതിനിടെ കഴിഞ്ഞ ദിവ സം വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച പെട്രോൾ പന്പിനു മു ന്പിൽ വാഹനത്തിലെത്തി കുട വ്യാപാരവും നടത്തി.
പുതിയ വ്യാപാരകേന്ദ്രങ്ങൾ അധികൃതർ കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കുകയാണ്. റോഡ് കൈയേറിയുള്ള കച്ചവടം തുടക്കത്തിൽ മാറ്റിയെങ്കിൽ വീണ്ടും നിയമയുദ്ധത്തിലേക്കു പോകേണ്ടിവരും. ഒഴിപ്പിക്കലിന്റെ നേട്ടം അവകാശപ്പെട്ടവർ പുതിയ താവളത്തിനു മുന്നിലൂടെ ഇന്നലെ കടന്നുപോകുകയും ചെയ്തു.