തിരുവല്ല: ഉഗ്രസ്ഫോടനത്തിന്റെ പ്രകന്പനത്തിൽ നാട് നടുങ്ങി. ഇന്നലെ രാവിലെ 9.15 ഓടെ പ്രത്യക്ഷ രക്ഷാദൈവസഭയുടെ ഇരവി പേരൂരിലുള്ള ആസ്ഥാനമന്ദിരത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഏഴ്കിലോമീറ്റർ ചുറ്റളവിൽ വരെ വലിയ ശബ്ദം കേട്ടിരുന്നു.
ഇരവിപേരൂരിലെ ആചാരവെടിയെക്കുറിച്ച് പ്രദേശവാസികൾക്ക് അറിയാമായിരുന്നതിനാൽ അതായിരിക്കുമെന്ന് ആദ്യം കരുതി. എന്നാൽ അപകടവാർത്ത പരക്കുകയും ഒട്ടേറെപേർക്ക് ജീവഹാനി സംഭവിച്ചതായി അഭ്യൂഹങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ നാട് മുഴുവൻ പൊയ്കകയിൽപ്പടിയിലേക്ക് ഒഴുകി. മരിച്ചവരും പരിക്കേറ്റവരും ആരെന്നറിയാതെ ശ്രീകുമാരദേവന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ അലമുറയിട്ടുകൊണ്ട് മന്ദിരത്തിന് ചുറ്റം കറങ്ങി.
ചിലർ തിരുവല്ലയിലെ വിവിധ ആശുപത്രികളിലെത്തി തങ്ങളുടെ ബന്ധുക്കളാണോയെന്ന് അന്വേഷിക്കുന്നത് കാണാമായിരുന്നു. അപകടം നടന്ന സ്ഥലത്തിന്റെ സമീപത്തുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതും നാട്ടുകാരെ കൂടുതൽ പരിഭ്രാന്തരാക്കി. 140 വർഷത്തെ ആഘോഷത്തിനിടെ ആദ്യത്തെ അനിഷ്ട സംഭവം ആയതിനാൽ ഭരണസമിതിയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു.
വെളളിയാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയിലും തുടർന്ന് കലാപരിപാടിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇതിനു ശേഷം ഇവരിലേറെപ്പേരും വിശ്രമിച്ചത് അപകടം നടന്ന സ്ഥലത്തായിരുന്നു. എന്നാൽ ഇന്നലെ രാവിലെ പ്രാഥമികാവശ്യങ്ങൾക്ക് സ്ഥലത്തു നിന്ന് ആളുകൾ മാറിയതിനാൽ കൂടുതൽ ജീവഹാനി ഉണ്ടായില്ല. ഇവർ ഉപയോഗിച്ചിരുന്ന പായ അടക്കമുള്ള സാധനങ്ങൾ അപകടസ്ഥലത്തു ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
സംഭവസ്ഥലത്ത് ജില്ലാ കളക്ടർ ആർ. ഗിരിജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ടി. ഏബ്രഹാം, ഡിഎംഒ ഡോ.എൽ. ഷീജ, ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ്, ഡിവൈഎസ്പിമാരായ ആർ. ചന്ദ്രശേഖരപിള്ള, പി.എൻ. പ്രദീപ്, അനിൽദാസ്, തിരുവല്ല സിഐ റ്റി.രാജപ്പൻ റാവുത്തർ, ആർഡിഒ ശോഭനാ ചന്ദ്രൻ, തഹസീൽദാർ സതീഷ് കുമാർ, ഡെപ്യൂട്ടി തഹസീൽദാർ ജോണ്‍ വർഗീസ്, വില്ലേജ് ഓഫീസർ അജീഷ് ജോർജ് എന്നിവർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
ആചാരവെടി എല്ലാവരും അറിഞ്ഞ്, അനുമതിയില്ലായിരുന്നെന്ന് അധികൃതർ
പത്തനംതിട്ട: ഇരവിപേരൂരിൽ പിആർഡിഎസ് ജന്മദിനാഘോഷപരിപാടികളുടെ ഭാഗമായി ആചാരവെടിയുടെ മുഴക്കം എല്ലാവർഷവും ദിവസങ്ങളോളം കേൾക്കാറുള്ളതാണെങ്കിലും അപകടം ഉണ്ടായപ്പോൾ ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന വിശദീകരണവുമായി അധികൃതർ.
വെടിക്കെട്ടിനുള്ള അനുമതി പിആർഡിഎസ് എടുത്തിരുന്നില്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ലാകളക്ടറും ആർഡിഒയും പറഞ്ഞു. എന്നാൽ പോലീസും ഫയർഫോഴ്സും അടക്കമുള്ള ഉദ്യോഗസ്ഥർ ദിവസങ്ങളായി ഇവിടെ ക്യാന്പ് ചെയ്തുവരികയാണ്. ഇവരാരും ഇത്തരം ഒരു ആചാരവെടിയുടെ കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നില്ലേയെന്ന് വ്യക്തവുമല്ല. 140 വർഷങ്ങളായി നടന്നുവരുന്ന ശ്രീകുമാരഗുരുദേവന്റെ ജന്മജയന്തി ആഘോഷങ്ങളിൽ ആചാരവെടിയും സമാപനത്തിൽ ആകാശദീപക്കാഴ്ചയുമൊക്കെ പതിവാണ്.
എന്നാൽ ഒരു അപകടം ആദ്യമായിട്ടായതിനാൽ എന്തു ചെയ്യണമെന്നറിയാതെ സംഘാടകരും ആദ്യം പകച്ചു.ഇതിനിടെ സംഭവം അറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും മാധ്യമപ്രവർത്തകരെയും അകത്തേക്കു കയറ്റിവിടാത്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ദുരന്തസ്ഥലത്തിന്റെ ചിത്രീകരണം നടത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ഒരുവിഭാഗം പിടിച്ചുതള്ളി. പോലീസ് ഇടപെട്ടാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.കൊല്ലം പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിനുശേഷം വെടിക്കെട്ട് നടത്താനുള്ള അനുമതി നൽകാറില്ല.
പൊതുവേ ആഘോഷപരിപാടികളിൽ വെടിക്കെട്ട് കുറച്ചിരിക്കുകയുമാണ്. ഇരവിപേരൂരിൽ ആഘോഷങ്ങളുടെ ഭാഗമായി ആചാരപരമായ വെടിക്കെട്ടാണ് നടക്കുന്നത്. കതിന നിറച്ച് വെടി മുഴക്കുന്ന രീതി കരാർ നൽകുകയാണ് പതിവ്. ഇത്തവണ കരാറെടുത്തിരുന്ന കാർത്തികപ്പള്ളി സ്വദേശികളായ ദന്പതികളാണ് അപകടത്തിൽ മരിച്ചത്.
ഏതു തരത്തിലുള്ള വെടിക്കെട്ടാണെങ്കിലും അനുമതി വാങ്ങേണ്ടതായിരുന്നുവെന്ന് ജില്ലാ കളക്ടർ ആർ. ഗിരിജ പറഞ്ഞു.
ജന്മദിന ഉത്സവം നടക്കുന്നുണ്ടെന്ന് കളക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ ഫയര്‍ഫോഴ്സിന്റെ സേവനം സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം അതും നല്‍കിയിരുന്നു.
എന്നാല്‍, ഇങ്ങനെയൊരു ആവശ്യമുണ്ടെന്ന് നേരില്‍ കണ്ടപ്പോള്‍ അറിയിക്കുകയോ, അപേക്ഷ നല്‍കുകയോ ചെയ്തിരുന്നില്ല. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും കളക്ടര്‍ പറഞ്ഞു.