കോട്ടയം: കൃഷിയിറക്കാതെ പാടങ്ങൾ തരിശിട്ടാൽ ഉടമകൾക്ക് നോട്ടീസ്. കൃഷിയിറക്കുന്നവർക്ക് കൈ നിറയെ ആനുകൂല്യം ഇതാണ് സർക്കാർ നയമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. നവകേരള നിർമാണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി നെൽകൃഷിയിൽ ഉറപ്പാക്കും. പരന്പരാഗത നെൽവിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നവർക്ക് പതിനായിരം രൂപ അധികമായി നൽകും.
കോട്ടയം ഈരയിൽ കടവ് പാടശേഖരത്തിൽ വിതമഹോത്സവം ഉദ്ഘാടനം ചെയത് പ്രസംഗിക്കവേ മന്ത്രി പറഞ്ഞു. ഉടമകൾ കൃഷിയിറക്കാത്ത സാഹചര്യത്തിൽ കൃഷി ചെയ്യാൻ താല്പര്യമുളള കർഷകർക്ക് അനുവാദം നൽകും. ഈരയിൽക്കടവ് പാടശേഖരത്തിൽ നിന്നും ഹെക്ടറിന് ആറര ടണ് നെല്ലാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള നിർമാണം -പുനർജനി പദ്ധതിയുടെ ഭാഗമായ തൈ വിതരണവും അദേഹം നിർവഹിച്ചു.
ഈരയിൽക്കടവിൽ നെൽകൃഷിക്ക് 80 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരയിൽക്കടവ് പാടശേഖരത്തിൽ നെൽകൃഷിക്കും അനുബന്ധ പ്രവർത്ത നങ്ങൾക്കുമാണ് തുക. ചാലുകൾ, പന്പ് ഹൗസ്, പറക്കുഴി, പുറംബണ്ട് എന്നിവ നിർമിക്കുന്നതിനാണ് തുക അനുവദിക്കുക. മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നെല്ലിന് ഏറ്റവുമികം വില നൽകുന്നത് കേരള സർക്കാരാണ്.
മറ്റിടങ്ങളിൽ ഒരു കിലോഗ്രാം നെല്ലിന് 17.50 രൂപ നൽകുന്പോൾ കേരളത്തിൽ 25. 50 രൂപയാണ് കർഷകർക്ക് നൽകുന്നത്. പുന്നയ്ക്കൽ – ചുങ്കം പ്രദേശങ്ങൾ ഉൾപ്പെടുന്ന ഒന്നാം വാർഡിലെ അഞ്ച് പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകിയ ഉമ നെൽവിത്താണ് വിതച്ചത്.
10 ഏക്കറുള്ള കുരിവിക്കാട് മൂല പാടശേഖരം, 35 ഏക്കറിലെ ചെല്ലിച്ചിറ പാടശേഖരം, 35 ഏക്കറുള്ള അലന്പാക്കേരി പാടശേഖരം, 50 ഏക്കറിലെ പുന്നയ്ക്കൽ വടക്കുപുറം പാടശേഖരം ,96 ഏക്കറുള്ള പുന്നയ്ക്കൽ പടിഞ്ഞാറു കര അരിക് പുറം എന്നീ പാടശേഖര സമിതികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ഹരിതകേരളം മിഷനും ഇറിഗേഷൻ, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണ് പാടശേഖര സമിതികളുടെ പ്രവർത്തനം.വിതമഹോത്സ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.