കോട്ടയം: ഈരയിൽകടവ് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും. അക്രമിയുടെ കടിയേറ്റ് ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് പരിക്കുണ്ട്. ഒരാളെ ഇന്നലെ അറസ്റ്റു ചെയ്തു. ഈരയിൽകടവ് വട്ടക്കുന്നേൽ പുളിക്കൽ അരുണ്‍ ചാണ്ടി (21)യെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഈസ്റ്റ് എസ്ഐ മഹേഷ്കുമാർ, അഡീഷണൽ എസ്ഐ കെ.പി.കബീർ എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈരയിൽകടവ് കണ്വൻഷൻ സെന്ററിനു സമീപം റോഡിൽ മാലിന്യം തള്ളുന്നുവെന്ന പരാതി അന്വേഷിക്കാൻ മഹേഷ്കുമാറാണ് ആദ്യം എത്തിയത്. എസ്ഐ ജിപ്പിൽ നിന്നിറങ്ങിയ ഉടൻ ഇഷ്ടികയ്ക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറിഞ്ഞയാളെ എസ്ഐ ഓടിച്ചിട്ടു പിടിച്ചു.
ഇതിനിടെ സംഭവമറിഞ്ഞ് എസ്ഐ കബീറും സ്ഥലത്തെത്തി. ഇഷ്ടിക പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.ചില സ്ത്രീകളും പോലീസിനെതിരേ രംഗത്തു വന്നു. പിന്നീട് വനിതാ പോലീസ് അടക്കം കൂടുതൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.