കോട്ടയം: നഗരത്തിലെ ആദ്യ കയർഭൂവസ്ത്രം പുതച്ച റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കുന്നു. ഈരയിൽകടവ്-മണിപ്പുഴ റോഡിനെ കയർഭൂവസ്ത്രം പുതപ്പിക്കുന്ന ജോലി നടന്നു വരികയാണ്. ഇതിനിടെ വിവരമില്ലാത്ത ആരോ റോഡരികിൽ മാലിന്യം തള്ളി കോട്ടയത്തുകാരെ നാണം കെടുത്തുന്നു.
നഗരത്തിലെ ആദ്യ കയർ ഭൂവസ്ത്ര റോഡാണ് ഈരയിൽകടവ്-മണിപ്പുഴ റോഡ്. റോഡ് ടാർ ചെയ്ത ശേഷം ഇരുവശവും കയർഭൂവസ്ത്രം പുതപ്പിച്ച് അതിൽ പുല്ല് മുളപ്പിക്കാനുള്ള ജോലി നടന്നു വരികയാണ്. പണി പൂർത്തിയാകുന്പോൾ റോഡിനിരുവശവും പച്ച പുതച്ചു നിൽക്കുന്നത് മനോഹരമായ കാഴ്ചയാവും. ഇപ്പോൾ വൈകുന്നേരങ്ങളിൽ ആളുകൾ റോഡരികിൽ കാറ്റുകൊള്ളാനായി വരുന്നുണ്ട്.
പുല്ലു മുളച്ച് മനോഹരമായാൽ കാഴ്ചക്കാരുടെ എണ്ണം വർധിക്കും. ഇതിനുള്ള ജോലി നടന്നു വരുന്നതിനിടെയാണ് ആരോ റോഡരികിൽ മാലിന്യം തള്ളിയത്. ഇത് ആര് ചെയ്താലും കോട്ടയത്തുകാർക്ക് നാണക്കേടുണ്ടാക്കുന്നു. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയരുതെന്ന കാര്യം ഏതു കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്നതാണ്. എന്നിട്ടും ഈ പണി ചെയ്തവർ ആരായാലും ഒട്ടും ശരിയായില്ല.