അങ്കാറ: തുർക്കിയിൽ പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതേതര റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) നേതാവായ ഇമാമൊഗ്ലു ക്രിമിനൽ സംഘടനയ്ക്കു നേതൃത്വം നല്കിയെന്നാണ് ആരോപണം.
സിഎച്ച്പിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കേയാണ് എർദോഗൻ സർക്കാരിൽനിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്. നേരത്തേ അദ്ദേഹത്തിന്റെ ബിരുദത്തിന് സാധുതയില്ലെന്ന് ഇസ്താംബൂൾ യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നിർബന്ധമാണ്.
22 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗൻ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയാണെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും അടക്കം നൂറിലധികം പേരാണ് അടുത്തിടെ അറസ്റ്റിലായിരിക്കുന്നത്.