ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു.
തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.