ബെയ്ജിംഗ്: ജന്മദിന സമ്മാനമായി ചൈനീസ് യുവാവിന് ലഭിച്ചത് 388 കോടി യുഎസ് ഡോളറിന്റെ (27,500 കോടി രൂപ)സന്പത്ത്. എറിക് ടെസ് എന്ന 24 കാരനാണ് മാതാപിതാക്കൾ ഹാപ്പി ബർത്ത് ഡേ പാടി അവിസ്മരണീയ സമ്മാനം നൽകിയത്.
ചൈനയിലെ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ സ്ഥാപകരായ ടിസെ പിഗും ഭാര്യ ചേംഗ് ലിഗും തങ്ങളുടെ കന്പനിയുടെ 270 കോടി ഓഹരികൾ മകന് നൽകുകയായിരുന്നു. ഇതോടെ ഫോബ്സിന്റെ ലോകത്തെ അതിസന്പന്നരായ 550 പേരുടെ പട്ടികയിൽ എറിക് ഇടംനേടി. അതേസമയം സമ്മാനം കുടുംബത്തിന്റെ ആസ്തിയായി തുടരുമെന്നും ആഡംബരത്തിനുപയോഗിക്കില്ലെന്നും എറിക് അറിയിച്ചു.
ഓഹരികൾ നൽകിയതിനു പുറമേ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ എക്സിക്കൂട്ടീവ് ഡയറകടറായും എറികിനെ മാതാപിതാക്കൾ നിയമിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം 4,98,000 യുഎസ് ഡോളറിന്റെ വരുമാനവും എറിക്കിനു ലഭിക്കും.
ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് കന്പനികളുടെ ഡയറക്ടറായ എറിക്ക് നിർധന വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകുന്നതിനായി സ്ഥാപിച്ച ചൈന സമ്മിറ്റ് ഫൗണ്ടേഷനിലൂടെ സന്നദ്ധ സേവന രംഗത്തും സജീവമാണ്. അടുത്തിടെയാണ് പെൻസിൽവാനിയയിലെ വാർട്ടണ്‍ സ്കൂളിൽ ബിരുദ പഠനം പൂർത്തിയാക്കിയത്.