ശ്രീകണ്ഠപുരം: ഇരിക്കൂർ പുഴയിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതു സംബന്ധിച്ച് ഇന്നലെ രാഷ്ട്രദീപിക റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് പുഴ വെള്ളം മലിനമാക്കിയതിനാണ് കേസെടുത്തത്.മാലിന്യം തള്ളിയ പുഴയുടെ ടൗൺ ടാക്സി സ്റ്റാൻഡ്, പാലം സൈറ്റ് ഭാഗങ്ങളിൽ ഇരിക്കൂർ എസ്ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അറവ് അവശിഷ്ടത്തിന്റെ ചെവിയിൽ കുത്തിയിരുന്ന ടാഗ് കണ്ടെത്തി.
കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്നതിനും പ്രതിരോധ വാക്സിനേഷൻ നടത്തുമ്പോഴുമാണ് ഇത്തരത്തിൽ ടാഗ് കുത്തുന്നത്. ടാഗിലെ തിരിച്ചറിയൽ നമ്പർ കണ്ണൂർ രജിസ്ട്രേഷനല്ലെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ അറവ് മൃഗത്തെ വയനാട്ടിൽ നിന്നെത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ടാഗ് വഴി ഉടമയിലേക്കെത്താനാണ് പോലീസ് ശ്രമം. അതേസമയം പുഴയിൽ മാലിന്യം തള്ളിയ സ്ഥലങ്ങളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന നടത്തി മാലിന്യങ്ങൾ കുഴിച്ചുമൂടി. പുഴയിൽ ക്ലോറിനേഷൻ നടത്തി. വേനൽ കനത്തതോടെ നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന പുഴവെള്ളം മലിനമാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.