കല്ലേറ്റുംകര: അധികൃതരുടെ അവഗണന മൂലം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ രണ്ടാം നന്പർ പ്ലാറ്റ് ഫോമിൽ കാട് കയറുന്നു. പ്ലാറ്റ് ഫോമുകൾ ഉയർത്തുന്നതിനുള്ള പ്രവർത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്.
ദിനം പ്രതി 44 ട്രെയിനുകൾ സ്റ്റോപ്പുള്ള വർഷം തോറും രണ്ട് ലക്ഷത്തോളം യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനിലാണ് ഈ ദുരവസ്ഥ. തൃശൂർ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റേഷനാണിത്. വർഷം അഞ്ചു കോടിയോളം രൂപ വരുമാനമുള്ള സ്റ്റേഷൻ ഇപ്പോഴും ഡി ഗ്രേഡാണ്. ബി ഗ്രേഡിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു.
ജില്ലയിലെ മറ്റ് ചെറിയ സ്റ്റേഷനുകളുടെ വരെ നവീകരണം പൂർത്തിയായെങ്കിലും ഇരിങ്ങാലക്കുട അവഗണനയുടെ പട്ടികയിലാണ്. സ്റ്റേഷന്റെ നവീകരണവും പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ റെയിൽവെ എംഡി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അറിയിച്ചു.