ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി പദവി നേടിയ താലൂക്ക് ആശുപത്രിയിൽ സർജറി ചെയ്യാൻ ഡോക്ടർമാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യം വരുന്ന നാളുകൾ വിദൂരമല്ല. ഡോക്ടറുടെ സ്ഥലം മാറ്റംമൂലം നട്ടംതിരിഞ്ഞ് രോഗികളാകും മിക്കവാറും മേൽപ്പറഞ്ഞ പരസ്യം നൽകുക.
സർജറി വിഭാഗത്തിൽ ഡോ. ഐ.കെ. സജി, ആരോഗ്യ വകുപ്പിൽ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുന്പ് സ്ഥലം മാറിപ്പോയതോടെ ഫലത്തിൽ താലൂക്ക് ആശുപത്രിയിൽ സർജന്റെ സേവനം ഇല്ലാതായി. ഇതേ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. മനോജും ഒരു വർഷം മുന്പ് സ്ഥലം മാറിപ്പോയിരുന്നു.
പകരം ഡോക്ടറെ നിയമിക്കാതെ സ്ഥലം മാറ്റം പരിഗണിക്കരുതെന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും അപേക്ഷ നല്കിയിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. ഇത് സംബന്ധിച്ച് ആശുപത്രി വികസന സമിതി അടിയന്തിര യോഗം ചേർന്ന് പ്രമേയവും പാസാക്കിയിരുന്നു.
ജനറൽ ആശുപത്രി എന്ന പേര് മാത്രമാണ് ഇപ്പോൾ ഇരിങ്ങാലക്കുടയിലെ ഗവ. ആശുപത്രിയ്ക്ക് ഉള്ളത്. ഒരു സർജറി നടത്തണമെങ്കിൽ സമീപത്തെ മറ്റ് ആശുപത്രികളിൽ നിന്ന് ഡോക്ടർമാർ എത്തിയിട്ടുവേണം. സ്ഥലം മാറി പോയ ഡോ. മനോജ് മാത്രമാണ് ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം അത്യാവശ്യ സർജറികൾക്ക് മാത്രമായി ഇരിങ്ങാലക്കുടയിൽ എത്തുന്നത്. മൂന്ന് അനസ്തറ്റിസ്റ്റിനു പകരം ഇപ്പോൾ രണ്ട് പേർ മാത്രമാണ് ഉള്ളത്.