കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹ. ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിയെയും മാനേജരെയും ഭരണ സമിതി സസ്പെൻഡ് ചെയ്തു.ഭരണ സമിതി യോഗത്തിന്റെ അനുമതി വാങ്ങാതെ വലിയ തോതിൽ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം രൂപ വീതം പത്തുപേർക്ക് വായ്പയായി അനുവദിക്കുകയും ഇത് മറ്റൊരാൾക്കു മാത്രമായി നൽകിയുമാണു തട്ടിപ്പ് നടത്തിയത്.ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് പത്തുപേരെ ബാങ്കിൽ വിളിപ്പിച്ച് രേഖകളിൽ ഒപ്പുവയ്പ്പിച്ച് അവരറിയാതെ വായ്പ എന്ന നിലയിൽ മറ്റൊരാൾക്ക് നൽകുകയായിരുന്നു.
ഇത്തരത്തിൽ വായ്പ നൽകിയ ഒരു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഭരണ സമിതി വായ്പയുടെ വ്യാപ്തി അറിയുന്നതും അന്വേഷണം നടത്തുന്നതും.വായ്പ നൽകിയയാൾ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്കുള്ള സ്ഥാപനത്തിനാണ് വായ്പ നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരിൽ നിന്നു പണം തിരിച്ചുപിടിക്കാനുള്ള നീക്കവും നടത്തിയിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ജീവനക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.