ജെറി എം. തോമസ്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗത്തിനനു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് ജനറൽ ആശുപത്രിയിൽ അർബുദ രോഗത്തിനു ചികിത്സ തേടിയവരുടെ പ്രതിമാസ ശരാശരി 2400 ആണ്.
2017ലെ പ്രതിമാസ ശരാശരി 2100 ആയിരുന്ന സ്ഥാനത്താണ് ഈ വർധന. ദിവസേന 65 മുതൽ 70 വരെ ആളുകൾ വിവിധ കാൻസർ രോഗങ്ങൾക്കായി ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. ഇവരിൽ അധികവും സ്തനാർബുദം ബാധിച്ചവരാണ്. ചികിത്സ തേടുന്നവരിൽ പകുതിയിലധികവും പുതുതായി രോഗം കണ്ടെത്തിയവരാണ്. സ്വകാര്യ അശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരുടെ കണക്കുകൂടി ചേരുന്പോൾ വർധന ഉയരും.
പുതുതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നൂറിൽ നാൽപ്പതു പേരും സ്തനാർബുദം ബാധിച്ചവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അർബുദ രോഗികൾ എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലാത്തത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കാൻസർ ജനറൽ വാർഡിൽ 45 കിടക്കകൾ മാത്രമാണുള്ളത്. നിലവിൽ സർജിക്കൽ ഓങ്കോളജിസ്റ്റ് വിഭാഗത്തിൽ ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരം രോഗികളെ തിരുവനന്തപുരം ആർസിസിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
രക്താർബുദ രോഗികൾക്കുള്ള മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളൊന്നും ഇവിടെ ലഭ്യമല്ല. അർബുദ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കാൻക്യൂവർ എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
രോഗത്തെ അതിജീവിക്കുമെന്ന് ഉറപ്പുള്ളവർക്കു മാത്രമായി കേന്ദ്ര സർക്കാരിന്റെ സുകൃതം പദ്ധതി നിജപ്പെടുത്തിയിട്ടുള്ളത് നിർധനരായ രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി ചികിത്സ സഹായം നൽകുന്ന ഈ പദ്ധതിയുടെ ഗുണം രോഗം മൂർച്ഛിച്ചവർക്ക് ലഭിക്കില്ലെന്നതാണ് പ്രശ്നം.
സംസ്ഥാനത്ത് പ്രതിവർഷം അര ലക്ഷത്തിലധികം പേരിൽ പുതുതായി അർബുദം ബാധിക്കുന്നതായാണ് തിരുവനന്തപുരത്തെ റീജിണൽ കാൻസർ സെന്ററിന്റെ (ആർസിസി) കണക്കുകൾ. 20000ത്തിൽ അധികം പേർ ഓരോ വർഷവും അർബുദംമൂലം മരണപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്.