കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബഹുദൂരം മുന്നോട്ട് പോയിട്ടും യുഡിഎഫിനു സ്ഥാനാർഥികളായില്ല. കേരളത്തിലുള്ള രാഹുൽഗാന്ധിയ്ക്കുമുന്നിൽ സ്ഥാനാർഥികളെ സംബന്ധിച്ചു ചർച്ച ഇന്നലെ നടന്നു.
എന്നാൽ, ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപക്കാത്തതു കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിലും മുന്നണിയിലും ഉയരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു കോണ്‍ഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നു.
എറണാകുളത്തു പി.രാജീവ് എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങി കഴിഞ്ഞു. ബിജെപിയ്ക്കും യുഡിഎഫിനും സ്ഥാനാർഥികളായിട്ടില്ല. എന്നാൽ, യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിംഗ് എംപി കെ.വി.തോമസ് തന്നെ എത്തുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ ഹൈബിഈഡൻ എംഎൽഎയുടെ പേര് സജീവമാണ്. ഇവരിൽ ആരെങ്കിലും എത്തിച്ചേരാണ് സാധ്യത. ഈ കണക്കുകൂട്ടലിലാണ് അണികളും.
എന്നാൽ, ചാലക്കുടി സീറ്റിന്റെ പേരിൽ ശക്തമായ മത്സരമാണ് കോണ്‍ഗ്രസിൽ നടക്കുന്നത്. യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹന്നാൻ, കെ.പി. ധനപാലൻ എന്നിവരുടെ പേരിനൊപ്പം ചാലക്കുടിയിലേക്കു കഴിഞ്ഞ പ്രാവശ്യം മത്സരിച്ചു പരാജയപ്പെട്ട പി.സി.ചാക്കോയും കടന്നു വന്നിരിക്കുന്നു. ഇതോടെ വീണ്ടും കളംമാറിയിരിക്കുകയാണ്. ചാലക്കുടി സീറ്റിൽ ഈക്കുറി ജയിച്ചു കയറാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ഇതോടെ സീറ്റിനുവേണ്ടി ശക്തമായ മത്സരമാണ് നടക്കുന്നത്. ഗ്രൂപ്പുകൾ തിരിഞ്ഞുള്ള പോരാട്ടവും നടക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ ശക്തമായ നിലപാട് ബെന്നി ബെഹന്നാനു ലഭിക്കണമെന്നാണ്. കെ.പി. ധനപാലനു അവസരം കൊടുക്കണമെന്നു വാദിക്കുന്നവരുണ്ട്. ഒരു ഗ്രൂപ്പില്ലെങ്കിലും സ്വന്തം നിലയിൽ ശക്തമായ ഇടപെടൽ നടത്തുകയാണ് പി.സി. ചാക്കോ.
കഴിഞ്ഞ പ്രാവശ്യം സീറ്റുകൾ മാറിയതു കൊണ്ടു മാത്രമാണ് ചാലക്കുടിയും തൃശൂരും നഷ്ടപ്പെട്ടതെന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളത്. കെ.പി.ധനപാലനെ തൃശൂർക്കു മാറ്റി പി.സി. ചാക്കോയ്ക്കു ചാലക്കുടി കൊടുത്തതു കൊണ്ടു മാത്രമാണ് രണ്ടു സീറ്റും നഷ്ടപ്പെട്ടത്.
അതു കൊണ്ടു തന്നെ ഇക്കുറി ഇത്തരമൊരു സീറ്റുകൾ കൈമാറുന്ന പരിപാടി ഉണ്ടാകില്ല. പി.സി. ചാക്കോയ്ക്കു ഇടുക്കി പോലെയുള്ള സീറ്റുകൾ കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ഇതിനിടയിൽ കെ.വി. തോമസിന്റെയും ബെന്നിബെഹന്നാന്റെയും ചുമരെഴുത്തുകൾ ആരംഭിച്ചിട്ടുണ്ട്. ഇതു ഞങ്ങൾ അറിഞ്ഞല്ലെന്നും ഇവർ പറയുന്നു. ഏതായാലും അണികൾക്കു വോട്ടു പിടിക്കാൻ പോലും കഴിയാത്ത വിധം സ്ഥാനാർഥി പ്രഖ്യാപനം നീളുന്നതും പാർട്ടിയിൽ പ്രശ്നമാകുകയാണ്.