പഴയ കാലം പോലെയല്ല, കളക്ടര്‍മാരെല്ലാം നല്ല ചുണക്കുട്ടന്മാരും മിടുമിടുക്കരുമാണ് എന്ന് പ്രായഭേദമന്യേ എല്ലാവരും പറഞ്ഞു തുടങ്ങി. അതിന് തെളിവാകുന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം കളക്ടറാണ് ഇത്തവണ താരമായിരിക്കുന്നത്.
സംസ്ഥാനത്തെ ഒരുവിധം എല്ലാ സ്ഥലങ്ങളിലെയും ഓട്ടോക്കാര്‍ക്കെതിരെയുള്ള പരാതിയാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഓട്ടം. ഇത്തരം ഓട്ടോക്കാര്‍ക്ക് എട്ടിന്റെ പണിയാണ് എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ള നല്‍കിയിരിക്കുന്നത്.
കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേരിട്ടുള്ള മിന്നല്‍ പരിശോധനക്കിടെ കൊച്ചിയില്‍ ഇത്തരം നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവങ്ങളില്‍ 41 ഓളം കേസുകളുമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും പൊതുജനത്തിന്റെ ഭാഗത്തു നിന്ന് നിറഞ്ഞ കയ്യടിയാണ് കളക്ടറുടെ നടപടിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.