കാക്കനാട്: കളക്ടറേറ്റ് കെട്ടിടത്തില് വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്ന്ന് വിശ്ചേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മാര്ച്ച് 31 ന് മുന്പായി കുടിശിഖ മുഴുവന് തീര്ത്തുകൊള്ളാമെന്ന കളക്ടര് എന്.എസ്.കെ. ഉമേഷിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് കുത്തിയത്.
ഇന്നലെ കുടിശിക നല്കാനുള്ള തീവ്ര ശ്രമങ്ങള് ഉണ്ടായെങ്കിലും വിജയിക്കാതെ വന്നതോടെ ഒരു പകല് മുഴുവന് കളക്ടറേറ്റില് വെളിച്ചവും കാറ്റുമില്ലാതെ ജീവനക്കാര് ദുരിതത്തിലായിരുന്നു.30 ലേറെ ഓഫീസുകള് പ്രവര്ത്തിക്കുന്ന ഇവിടെ ഇന്നലെ രണ്ട് ഓഫീസുകള് കൂടി കുടിശിക നല്കി.
ഇതോടെ നാല് ഓഫീസുകളുടെ കുടിശിക തീര്ത്തിട്ടുണ്ട്. ശേഷിക്കുന്നത് മാര്ച്ച് 31 ന് മുന്പായി തീര്ക്കാമെന്നാണ് കളക്ടര് കെഎസ്ഇബി ഉന്നത ഉദ്യേഗസ്ഥര്ക്ക് നല്കിയ ഉറപ്പ്. കെഎസ്ഇബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് അനുകൂല സംഘടനകള് സര്ക്കാരിനെതിരെ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ പേരിലുള്ള 13 കണക്ഷനുകളില് നിന്നാണ് സിവില് സ്റ്റേഷനിലെ അഞ്ച് നില കെട്ടിടത്തിലെ ഒട്ടേറെ ഓഫീസുകളിലേക്ക് വൈദ്യുതി കണക്ഷന് വലിച്ചിട്ടുള്ളത്. ഇവര് 2010 മുതല് അടയ്ക്കാനുള്ള വൈദ്യുതി കുടിശിക 57 ലക്ഷം രൂപയിലധികമാണ്. എല്ലാ കണക്ഷനും കളക്ടറുടെ പേരിലായതിനാല് ഏതെല്ലാം ഓഫീസുകളാണ് പണമടയ്ക്കാത്തതെന്നും വ്യക്തമല്ല.
വിവിധ നിലകളില് പ്രവര്ത്തിക്കുന്ന ഓഫീസുകളില് വൈദ്യുതി കുടിശിക വരുത്തിയയിടങ്ങളിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി അധികൃതര് ചൊവ്വാഴ്ച രാവിലെ വിച്ഛേദിച്ചത്. ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിവിധ സ്ഥലമെടുപ്പ് ഓഫീസ് എന്നിവിടങ്ങളിലെല്ലാം വൈദ്യുതി ബന്ധം നിലച്ചതോടെ പ്രവര്ത്തനം താറുമാറായിരുന്നു.
ഉച്ചവരെ ചൂട് സഹിച്ച് പല ജീവനക്കാരും യുപിഎസ് സഹായത്തോടെ കംപ്യൂട്ടര് ഉപയോഗിച്ച് ജോലികള് ചെയ്തെങ്കിലും പിന്നീട് അതും ഓഫായി. ഒറ്റ കണക്ഷനില്നിന്ന് ഒരുപാടിടത്തേക്ക് വൈദ്യുതിയെത്തുന്ന പഴയ കാലത്തുള്ള കണക്ഷനായതാണ് പല ഓഫീസുകള്ക്കും തിരിച്ചടിയായത്.
ഓരോ ഓഫീസിലും വെവേറെ മീറ്റര് സ്ഥാപിച്ച് ബില്ലുകള് നല്കണമെന്ന് പല ഓഫീസ് മേധാവികളും ബന്ധപ്പെട്ടവര്ക്ക് കത്ത് നല്കിയിട്ടുണ്ടെങ്കിലും തുടര് നടപടിയായില്ല. കളക്ടറേറ്റ് ഒന്നാം നിലയിലെ ജില്ലാ കളക്ടര്, അസി. കളക്ടര്, എഡിഎം തുടങ്ങിയവരുടെ ഓഫീസുകളിലും ട്രഷറി, ആര്ടി ഓഫീസ് ഉള്പ്പെടെ ചില ഓഫീസുകളിലും പ്രത്യേക കണക്ഷനുകള് എടുത്ത് കൃത്യമായി ബില് തുക അടയ്ക്കുന്നുമുണ്ട്. അതിനാല് ഈ ഓഫീസുകളില് വൈദ്യുതിബന്ധം നഷ്ടമായില്ല.