കൊച്ചി: ജില്ലയില്‍ ഇന്നലെ മൂന്നു പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നിരീക്ഷണവുമായി ബന്ധപ്പെട്ടു ഡ്യൂട്ടിയിലുണ്ടായിരുന്ന 41കാരനായ ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് രോഗത്തെത്തുടര്‍ന്നു മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ 32 വയസുള്ള യുവതിക്കും പതിനേഴുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. 421 പേരെയാണ് ഇന്നലെ വീടുകളില്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. 1,112 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി. ഏഴു പേരെക്കൂടി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 37 ആയി. ഇതില്‍ 22 പേര് കളമശേരിയിലും അഞ്ചു പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടു പേര് ആലുവ ജില്ലാ ആശുപത്രിയിലും ഏഴു പേര് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.
ജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ 4,627 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ലഭിച്ച 19 സാമ്പിളുകളില്‍ 16 എണ്ണം നെഗറ്റീവാണ്. 88 സാമ്പിളുകളുടെ പരിശോധനഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
പരിശോധനയിൽ പനിക്കാരെ കണ്ടെത്തി
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ തൊഴിലാളികള്‍ താമസിക്കുന്ന 14 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 14 പേര്‍ക്ക് പനി, ചുമ തുടങ്ങിയവ കണ്ടതിനെത്തുടര്‍ന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ച് വൈദ്യസഹായം ലഭ്യമാക്കി.
258 പേരാണ് ഇന്നലെ ആശങ്കകള്‍ അറിയിച്ച് കണ്ട്രോള് റൂമിലേക്ക് വിളിച്ചത്. ഇതില്‍ 36 കോളുകളും അതിഥിത്തൊഴിലാളികളില്നിന്നുള്ളവയായിരുന്നു. സ്വദേശത്തേക്ക് മടങ്ങാനാകുന്ന സാധ്യതകള്‍ തിരക്കി വിദേശപൗരനും കണ്ട്രോള് റൂമിന്റെ സഹായം തേടി.
നിരീക്ഷണത്തില്‍ കഴിയുന്ന 33 പേര് ഡോക്ടറെ നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കണ്ട്രോള് റൂം സേവനം 0484 2368802, 2428077, 0484 2424077 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
133 അടുക്കളകളില്‍നിന്നു 38,845 ഫുഡ് കിറ്റ്
നിലവില്‍ 133 കമ്യൂണിറ്റി കിച്ചണുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 98 എണ്ണം പഞ്ചായത്തുകളിലും 35 എണ്ണം നഗരസഭാ പ്രദേശത്തുമാണ്. ഇതുവഴി ഇന്നലെ 38,845 പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രദേശത്ത് 19,476 പേര്‍ക്കും നഗരസഭാ പ്രദേശത്ത് 19,099 പേര്‍ക്കും ഭക്ഷണം നല്കി. മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 893 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. കണ്ട്രോള് റൂമിലേക്ക് വിളിച്ച ഒമ്പതു പേര്‍ക്കും കൗണ്‍സലിംഗ് നല്കി.
നിരീക്ഷണത്തില്‍ കഴിയുന്ന 277 വയോജനങ്ങളെ ജില്ലാ പാലിയേറ്റീവ് യൂണിറ്റില്‍നിന്നു വിളിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. കോവിഡ് ഫലം നെഗറ്റീവ് ആയതിനാല്‍ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.