കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടെനിമോനാണ് എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. സ്ട്രൈക്കിംഗ് ഫോഴ്സ് ഉള്‍പ്പെടെ ഏഴോളം ഉദ്യോഗസ്ഥരാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാറാവ് ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരു പുരുഷ ഉദ്യോഗസ്ഥനുമാണ് ഉണ്ടായത്.
പുലര്‍ച്ചെ ഒന്നരവരെ ഈ ഉദ്യോഗസ്ഥരെല്ലാം ജോലിയില്‍ വ്യാപൃതരായിരുന്നുവെന്നും രാവിലെ ആറിനു ശേഷമാണ് പ്രതികള്‍ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനിടയില്‍ എപ്പോഴോ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ജാഗ്രതക്കുറവ് മൂലം പ്രതികള്‍ രക്ഷപ്പെടാനുളള സാഹചര്യമുണ്ടായതായും പറയുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ 24 മണിക്കൂറിനകം ഈ പ്രതികളെ തിരിച്ചുപിടിക്കാനായിയെന്നും റിപ്പോര്‍ട്ടിലുണ്ട്.കേസുമായി ബന്ധപ്പെട്ട് കൊല്ലം ഇരവിപുരം സ്വദേശി സൈദലി(22), കൊല്ലം തട്ടവള സ്വദേശി യസീന്‍(21) എന്നിവരാണ് ഇന്നലെ എക്സൈസിനു മുന്നില്‍ കീഴടങ്ങിയത്.
രക്ഷപ്പെട്ട് കൊല്ലത്തെ വീടുകളില്‍ പ്രതികള്‍ എത്തിയിരുന്നു. വിവരം അറിഞ്ഞ് എക്സൈസ് സംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് എക്സൈസ് നിര്‍ദേശപ്രകാരം പ്രതികളെ ബന്ധുക്കള്‍ വ്യാഴാഴ്ച ഉച്ചയോടെ കലൂര്‍ സ്റ്റേഡിയത്തിന് സമീപം എത്തിച്ച ശേഷം എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് അന്വേഷണ സംഘം എത്തി ഇവരെ അറസ്റ്റു ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ക്കെതിരേ പോലീസ് കേസും
പ്രതികള്‍ തടവില്‍നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസും കേസെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കഴിഞ്ഞ ആറിന് വൈകുന്നേരം 4.50ന് 3.240 കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാ (ആര്‍പിഎഫ്)ണ് ഇരുവരെയും പിടികൂടി എക്സൈസിന് കൈമാറിയത്. കേസില്‍ പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇരുവരും എക്സൈസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.