വൈപ്പിൻ: ഇതരസംസ്ഥാനത്തു നിന്നെത്തുന്ന മത്സ്യങ്ങളിൽ ഫോർമലിന്റെ അംശംകണ്ടെത്തിയതിന്റെ പേരിൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന ഫ്രഷ് മത്സ്യങ്ങൾക്ക് മൊത്തക്കച്ചവടക്കാർ വൻതോതിൽ വിലയിടിച്ചു.
കടുത്ത മത്സ്യക്ഷാമുണ്ടായിട്ടും ഇന്നലെ കാളമുക്ക് ഹാർബറിൽ നിറയെ മത്സ്യവുമായെത്തിയ വള്ളങ്ങൾക്ക് യഥാർഥ വിലയുടെ പകുതിപോലും ലഭിച്ചില്ല. കഴിഞ്ഞ ദിവസം വരെ ഹാർബറിൽ കിലോയ്ക്ക് 150 രൂപ വരെ വില വന്ന ചാള ഇന്നലെ വെറും 80 ഉം നൂറുമായി കുത്തനെ വിലയിടിഞ്ഞു.
മത്സ്യത്തിനു ഡിമാൻഡില്ലെന്ന് പറഞ്ഞ് ബോധപൂർവം മൊത്തകച്ചവടക്കാർ പിൻമാറി നിൽക്കുന്നതിനാലാണ് വിലയിടിയുന്നതെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മത്സ്യം സ്റ്റോർ ചെയ്ത് ഇവർ വൻ വിലയ്ക്കാണ് വിൽക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പരന്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ട് വരുന്ന മത്സ്യത്തിനു ഇപ്പോഴും ആവശ്യക്കാരേറെയുണ്ട്.
ആന്ധ്ര, മംഗലാപുരം , തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന മത്സ്യങ്ങൾക്ക് ഫോർമലിന്റെ അംശം കണ്ട ത്തിയതിൻെ പേരിൽ ഇപ്പോൾ ഡിമാൻഡ് കുറവത്രേ.
പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെയാണെന്ന് കേരള ഫിഷ്മർച്ചന്റ്സ് ആൻഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം കെ.പി. രതീഷ് ചൂണ്ടിക്കാട്ടി.
ഇതരസംസ്ഥാനത്തുനിന്നു കയറ്റി വന്ന വനാമി ചെമ്മീനുകളിൽ രാസവസ്തുവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ദൃശ്യമാധ്യമങ്ങൾ ജനങ്ങളിൽ ഭീതി ഉളവാക്കും വിധം വാർത്തകളും ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്തതിന്റെ പേരിൽ പൊതുവേ മത്സ്യങ്ങളുടെയെല്ലാം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്.
പരന്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ട് വരുന്ന മത്സ്യങ്ങളിൽ യാതൊരു കുഴപ്പവുമില്ലെന്ന കാര്യം ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ദൃശ്യമാധ്യമങ്ങളും വേണ്ടവിധത്തിൽ പ്രചരിപ്പിക്കുന്നില്ലെന്നും രതീഷ് ആരോപിച്ചു.
പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല മാർക്കറ്റുകളും പ്രവർത്തിച്ചില്ല. അങ്ങിനെ വരുന്പോൾ ഹാർബറുകളിൽനിന്നു വൻതുക മുടക്കി മത്സ്യം മൊത്തമായി വാങ്ങാൻ ഒരു കച്ചടക്കാരനും ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.