കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അറ്റൻഡറായ ജീവനക്കാരന് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ മെമ്മോ നൽകി. എന്നാൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ മെമ്മോ ഇയാൾ കൈപ്പറ്റിയിട്ടില്ല.
വനിതാ ജീവനക്കാരേ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതടക്കം നിരവധി പരാതികൾ ഇയാൾക്കെതിരേ ഉണ്ട്. മെഡിക്കൽ കോളജ് അധികൃതർ നടപടിയെടുക്കാത്തതിനാൽ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും വനിതാ ജീവനക്കാർ പരാതിയിരുന്നു.
കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അദാലത്തു വിളിച്ചതിനെത്തുടർന്നാണ് ഇതുവരെ യാതൊരു നടപടിയെടുക്കാതിരുന്ന മെഡിക്കൽ കോളജ് അധികൃതർ മെമ്മോ നൽകാനെങ്കിലും തയാറായത്. അതിനിടെ വനിതാ കമ്മിഷൻ അദാലത്തിൽ പങ്കെടുത്തത് ഡ്യൂട്ടിയുടെ ഭാഗമാണെന്നു പറഞ്ഞ് അറ്റൻഡർ രജിസ്റ്ററിൽ അന്നേ ദിവസം ഒപ്പിടുകയും ചെയ്തെന്നും ആക്ഷേപമുണ്ട്.
കളമശേരി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ നിരവധി പരാതികൾ കഴിഞ്ഞ വർഷം നഴ്സുമാരും നൽകിയിട്ടുണ്ട്. ഹോസ്പിറ്റൽ അറ്റൻഡറായ ഇയാൾ ജോലി ചെയ്യാതെ ഓഫീസിൽ കറങ്ങി നടക്കുന്നതായും അക്ഷേപമുണ്ട്.