കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷണ വിദഗ്ധനായ ജീവനക്കാരനെക്കൊണ്ട് പൊറുതിമുട്ടി അധികൃതർ. പ്രിന്റിംഗ്, ഫോട്ടോസ്റ്റാറ്റ് എന്നീ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 11 പാക്കറ്റ് പേപ്പറുകൾ മോഷണം പോയതാണ് പുതിയ സംഭവം. ഇവ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ കടത്തിയതായാണ് സൂചന.
5500 എ 4 ഷീറ്റുകൾ അടങ്ങിയ 11 പാക്കറ്റുകളാണ് കാണാതായത്. ഒരു പാക്കറ്റിന് ഏകദേശം 500 രൂപയോളം വരും. ഇത്രയധികം പേപ്പറുകൾ ഒരാൾക്ക് സ്വന്തമായി ഉപയോഗിച്ച് തീർക്കാൻ പറ്റില്ലെന്നിരിക്കെ മറിച്ച് വിൽക്കാനാണ് സാധ്യതയെന്ന് മറ്റ് ജീവനക്കാർ പറയുന്നു.
മെഡിക്കൽ കോളജിലെയും ആശുപത്രിയിലേയും നിരവധി സാധനങ്ങൾ കാണാതാവുന്നതിനു പിന്നിൽ ഇതേ ജീവനക്കാരനാണെന്നാണ് ആരോപണം. ബൾബുകൾ മുതൽ ആധുനിക ഉപകരണങ്ങൾ വരെ ഇയാൾ കടത്തുമത്രെ.
ആശുപത്രി ജനലിലെ കർട്ടനുകൾ, ചൂലുകൾ, കസേരകൾ, ബെഡ്ഷീറ്റുകൾ എന്നിവയും ഇതിൽപ്പെടും. കോമ്പൗണ്ടിലുണ്ടാകുന്ന വാഴക്കുലകളിൽ വരെയും ഇദ്ദേഹം കൈവയ്ക്കാറുണ്ട്. സിനിമാ ഷൂട്ടിംഗ് സെറ്റ് ചിത്രീകരണം പൂർത്തിയാകും മുമ്പേ മിനിലോറിയിൽ കൊണ്ടുപോയ കഥയും ഇവിടെയുള്ളവർ പറയുന്നു.അതേസമയം സാധനങ്ങൾ എടുത്തതായി തെളിവ് ലഭിച്ചാൽ അവ മെഡിക്കൽ കോളജിലേക്ക് തിരികെ എത്തിക്കുന്നതിൽ ഈ ജീവനക്കാരനു ലേശം പോലും വിഷമമില്ല.
അതുകൊണ്ടാണ് ഏതാനും വാഴക്കുലകളും ഷൂട്ടിംഗ് സെറ്റും കടത്തിയ വാഹനത്തിൽ തിരികെ എത്തിച്ചതത്രെ. അശ്ലീല പദപ്രയോഗങ്ങളും അപമാനവും ഭയന്ന് പ്രത്യേകിച്ച് വനിതാ ജീവനക്കാർ ഈ വിവരങ്ങൾ ഇപ്പോൾ മേലധികാരികളോട് പറയാറില്ല.
ഇദ്ദേഹത്തിന്റെ ഭാര്യ ക്ലാസ് നാല് ജീവനക്കാരിയായതും റിട്ടയർമെന്റ് പ്രായം കഴിഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാർ ജോലിയിൽ തുടരുന്നതുമാണ് മോഷണം നടത്താൻ പ്രധാന അനുകൂല ഘടകം.
മോഷണമുതൽ പങ്ക് വയ്ക്കുന്നവർ ഇനിയുമുണ്ടോയെന്നും സംശയമുയർന്നിട്ടുണ്ട്. ഒരാൾക്ക് എടുത്ത് കൊണ്ടുപോകാവുന്ന ഉപകരണങ്ങൾക്ക് മെഡിക്കൽ കോളേജിൽ അധികം ആയുസുമുണ്ടാകാറില്ല. കാണാതാകുന്ന ആശുപത്രി ഉപകരണങ്ങൾ ചെറിയ ക്ലിനിക്കുകളിൽ മറിച്ചുവിൽക്കുന്നതായും പറയപ്പെടുന്നുണ്ട്.
മുൻ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ ജീവനക്കാരനും സഹായികൾക്കുമെതിരേ മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും സിറ്റി പോലീസ് കമ്മീഷനും കളമശേരി പോലീസ് സ്റ്റേഷനിലും, ആരോഗ്യ വിദ്യാഭ്യാസ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.
വനിതാ കമ്മീഷൻ കഴിഞ്ഞ മാസം സിറ്റിംഗും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ പുറത്താക്കിയെങ്കിലും നേതാവെന്നവകാശപ്പെട്ട് ജോലി ചെയ്യാനും മടിയാണെന്ന് ആക്ഷേപമുണ്ട്. ഇയാളുടെ സ്വഭാവ വൈചിത്രത്തെക്കുറിച്ചും അധികൃതരുടെ കടുത്ത നിസംഗതയെക്കുറിച്ചും “രാഷ്ട്രദീപിക’ പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.