കൊച്ചി: കേരളത്തിലാദ്യമായി ഹോണ്രഹിതമായി പ്രഖ്യാപിക്കപ്പെടുന്ന റോഡ് എന്ന നേട്ടം കൊച്ചിക്കു സ്വന്തമാകുന്നു. നഗരത്തിന്റെ ഹൃദയത്തുടിപ്പുകൾ പേറുന്ന എംജി റോഡാണ് ഹോണ്രഹിതമാകാൻ പോകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്) സംയുക്തമായി ശബ്ദ മലിനീകരണം തടയാൻ ഒരുക്കുന്ന പദ്ധതികളുടെ ഭാഗമായാണു എംജി റോഡിലെ ഹോണ്‍ നിരോധനം.
നോ ഹോണ്‍ ഡേ ആയി ആചരിക്കുന്ന 26ന് രാവിലെ 9.30ന് മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിംഗിൽ നടക്കുന്ന ചടങ്ങിൽ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് എംജി റോഡ് നോർത്ത് എൻഡ് മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള പ്രദേശം ഔദ്യോഗികമായി നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കും. ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. കറുപ്പുസാമി അധ്യക്ഷനാകും.
സംസ്ഥാന സർക്കാർ, അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്സ് (എഒഐ), മോട്ടോർ വാഹന വകുപ്പ്, കൊച്ചി സിറ്റി പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ മേഖലയിലെ നിരത്തുകളിൽ അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബെൽ ആണെങ്കിലും കൊച്ചിയിലെ നിരത്തുകളിൽ 94 ഡെസിബെൽ വരെ ശബ്ദ തീവ്രതയുണ്ടെന്ന് ഐഎംഎ, എൻഐഎസ്എസ്, എസ്സിഎംഎസ് എന്നിവരുടെ സംയുക്ത പഠനങ്ങളിൽ തെളിഞ്ഞിരുന്നു.
ഈ റോഡുകളിലെ സ്ഥിരം ഡ്രൈവർമാർ, കച്ചവടക്കാർ, താമസക്കാർ തുടങ്ങിയവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഈ പ്രശ്നത്തിൽ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഐഎംഎയുടെ നേതൃത്വത്തിൽ 2016 മുതൽ എല്ലാ വർഷവും നോ ഹോണ്‍ ഡെ ആചരിച്ചു വരുന്നു.
2020ഓടെ കൊച്ചിയെ നോ ഹോണ്‍ സിറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ വർഷം കൂടുതൽ വിപുലമായ പദ്ധതികളാണ് ഐഎംഎ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എഒഐയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലെയും വൈകുന്നേരവുമുള്ള ശബ്ദനിലവാരം അളക്കുകയും സ്വകാര്യ ബസ് ഡ്രൈവർമാരിൽ ഉണ്ടായേക്കാവുന്ന കേൾവിക്കുറവ് നിർണയിക്കുകയും ചെയ്യുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.