കൊച്ചി: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയില്‍ അട്ടിമറി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണു ജില്ലയ്ക്കുള്ളത്. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെ മേൽക്കൈ നേടി.
2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ 11 ഉം യുഡിഎഫിനായിരുന്നു. 2016ല്‍ ഒമ്പതു മണ്ഡലങ്ങള്‍ നേടാനാണു കഴിഞ്ഞതെങ്കിലും എൽഡിഎഫ് തരംഗത്തിലും ആധിപത്യം നിലനിർത്താൻ യുഡിഎഫിനായി.
എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളില്‍ ജയിച്ചെങ്കിലും 2011ല്‍ നേടിയവയില്‍ വൈപ്പിന്‍ മണ്ഡലം മാത്രമാണു നിലനിര്‍ത്താനായത്.
അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ നഷ്ടമായപ്പോള്‍ കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ യുഡിഎഫിൽനിന്നു പിടിച്ചെടുത്തു.
പെരുമ്പാവൂരും അങ്കമാലിയും എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് സ്വന്തമാക്കി. ആലുവ, കളമശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ജില്ല രണ്ടാമൂഴം നല്കി.
കോൺഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ബെന്നി ബഹനാനു പകരം മത്സരിച്ച പി.ടി. തോമസ് തൃക്കാക്കരയിൽനിന്നു വിജയിച്ചു.
പെരുമ്പാവൂരും അങ്കമാലിയും യുഡിഎഫിനു പുതിയ എംഎൽഎമാരുണ്ടായി. ഹൈബി ഈഡന് ലോക്സഭയിലേക്കു പോയപ്പോള്‍ ഒഴിവുവന്ന എറണാകുളം മണ്ഡലത്തില്‍നിന്നു കോൺഗ്രസിന്റെ ടി.ജെ. വിനോദും നിയമസഭയിലെത്തി.
തരംഗങ്ങൾ ഏശാത്ത ആലുവയും പറവൂരും
സംസ്ഥാനത്തെ തരംഗങ്ങള്‍ ഒട്ടുമേശാത്ത മണ്ഡലങ്ങളിൽ അന്‍വര്‍ സാദത്തിന്റെ ആലുവയും വി.ഡി. സതീശന്റെ പറവൂരും ഉൾപ്പെടും.
ഇരുവരും ഭൂരിപക്ഷം ഗണ്യമായി വര്‍ധിപ്പിച്ചാണ് കഴിഞ്ഞതവണ നിയമസഭയില്‍ എത്തിയത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍തന്നെയാണ് ഇരുവരെയും വോട്ടര്‍മാര്‍ക്കു പ്രിയപ്പെട്ടവരാക്കിയത്.
ഇടതുകോട്ടയായ പറവൂരില്‍നിന്നു ഭൂരിപക്ഷം ഇരട്ടിയോളം വര്‍ധിപ്പിച്ചാണ് സതീശന് കഴിഞ്ഞതവണ വിജയിച്ചത്. 2011 ല്‍ 11,349 ആയിരുന്നു സതീശന്റെ ഭൂരിപക്ഷമെങ്കില് 2016ല്‍ അത് 20,634 ആയി. ആലുവയിൽ അൻവർ സാദത്തിന്റെ ഭൂരിപക്ഷം 13,214ല്‍നിന്ന് 2016ൽ 18,835 ആയി ഉയർന്നു.
മത്സരിക്കാന്‍ സിറ്റിംഗ് എംഎല്‍എമാര്‍
മുന്നണികളിലെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിർണയവും ആയിട്ടില്ലെങ്കിലും എറണാകുളം ജില്ലയിലെ ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കാനാണു സാധ്യത. കോണ്‍ഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍), റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി. സതീശന് (പറവൂര്‍), ടി.ജെ. വിനോദ് (എറണാകുളം), പി.ടി. തോമസ് (തൃക്കാക്കര), വി.പി. സജീന്ദ്രന് (കുന്നത്തുനാട്), കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് (പിറവം) എന്നിവര്‍ വീണ്ടും മത്സരിച്ചേക്കും.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ മുസ്ലിം ലീഗിന്റെ സിറ്റിംഗ് എംഎൽഎ വി.കെ. ഇബ്രാഹിം കുഞ്ഞ് കളമശേരിയില്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ മാത്രമാണു സംശയം.
എല്‍ഡിഎഫിൽ കോതമംഗലത്തു സിപിഎമ്മിലെ ആന്റണി ജോണും കൊച്ചിയിൽ കെ.ജെ. മാക്സിയും മൂവാറ്റുപുഴയില്‍ സിപിഐയിലെ എല്‍ദോ ഏബ്രഹാവും വീണ്ടും ജനവിധി തേടാനുള്ള സാധ്യതയാണുള്ളത്. വൈപ്പിനില്‍ എസ്. ശര്‍മയ്ക്കു സിപിഎം ഒരവസരം കൂടി നല്‍കുമോ എന്ന് ഉറപ്പില്ല. തൃപ്പൂണിത്തുറയിലെ സിപിഎം സിറ്റിംഗ് എംഎൽഎ എം. സ്വരാജ് മണ്ഡലം മാറുന്ന കാര്യം പരിഗണനയിലാണ്.
മുന്നണികളിൽ ചർച്ചകൾ സജീവം
യുഡിഎഫിൽ കഴിഞ്ഞതവണ 11 സീറ്റില്‍ കോണ്‍ഗ്രസും മൂന്നു സീറ്റില്‍ ഘടകക്ഷികളുമാണു മത്സരിച്ചത്. പിറവം -കേരള കോണ്‍ഗ്രസ് ജേക്കബ്, കളമശേരി- മുസ് ലിം ലീഗ്, കോതമംഗലം- കേരള കോണ്‍ഗ്രസ്-എം എന്നിങ്ങനെയാണു ഘടകക്ഷികള്‍ക്കു നല്‍കിയത്.
കോതമംഗലം ഇക്കുറി കേരള കോണ്‍ഗ്രസ്-ജോസഫിനു നല്‍കും. മറ്റിടങ്ങളിൽ മാറ്റത്തിനു സാധ്യത കുറവ്.
കോതമംഗലത്തിനു പുറമേ മൂവാറ്റുപുഴ സീറ്റും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
കോതമംഗലത്തു ഷിബു തെക്കുംപുറം, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ പേരുകള്‍ സജീവമാണ്. മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍തന്നെ നേതാക്കളുടെ പിടിവലിയുണ്ട്.
കഴിഞ്ഞതവണ മത്സരിച്ചു തോറ്റ ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനുമാണ് ഇവരിൽ മുന്നിൽ. തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ മുന്നേറ്റമാണു മണ്ഡലത്തിൽ യുഡിഎഫ് കാഴ്ചവച്ചത്.
വൈപ്പിനില്‍ യുഡിഎഫില്‍നിന്നു കെ.പി. ധനപാലന്, അഡ്വ. കെ.പി. ഹരിദാസ്, എം.പി. പോള്‍ എന്നിവരുടെ പേരുകള്‍ക്കാണു മുന്‍ഗണന. കൊച്ചിയില്‍ ടോണി ചമ്മിണിക്കാണു മുന്‍തൂക്കം. ഷൈനിമാത്യുവിന്റെ പേരും സജീവം.
എൽഡിഎഫിൽ പറവൂര്‍ സീറ്റ് സിപിഐയില്‍നിന്ന് ഏറ്റെടുക്കാൻ സിപിഎമ്മിനു താല്പര്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ നാലായിരിത്തോളം വോട്ടിന്റെ ഭൂരിപക്ഷം പറവൂരിൽ എല്‍ഡിഎഫിനുണ്ടായിരുന്നു.
എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ മനു റോയിയെ സിപിഎം സ്ഥാനാര്‍ഥിയായി കാണുന്നു. ഇടതുമുന്നണിയിൽ പുതുതായി എത്തിയ കേരള കോണ്‍ഗ്രസ്-എം പെരുമ്പാവൂരോ പിറവമോ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡിഎയിൽ പറവൂര്‍, കളമശേരി, കുന്നത്തുനാട്, പിറവം, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്.
ഈ സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ പറവൂരും കളമശേരിയിലും മത്സരിക്കണമെന്നാണു ബിജെപിയുടെ താല്പര്യം.
രണ്ട് മണ്ഡലത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടാന്‍ മുന്നണിക്കു സാധിച്ചിരുന്നു. കേരള കോൺഗ്രസ്-പി.സി. തോമസ് വിഭാഗത്തിനു കോതമംഗലം, അങ്കമാലി സീറ്റുകള്‍ വീണ്ടും നല്‍കിയേക്കും.
ട്വന്റി ട്വന്റിയും വി ഫോര്‍ പീപ്പിളും
ട്വന്റി ട്വന്റിയും വി ഫോര്‍ പീപ്പിൾ പാർട്ടിയും പോലുള്ള ജനകീയ കൂട്ടായ്മകളുടെ സാന്നിധ്യം ഇക്കുറി ജില്ലയിലെ തെരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഉദയംകൊണ്ട ട്വന്റി ട്വന്റി ഇക്കുറി സമീപത്തെ മൂന്നു പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.
ജില്ലാ പഞ്ചായത്തിലെ രണ്ടു ഡിവിഷനും പിടിച്ചെടുത്ത ട്വന്റി ട്വന്റി, കുന്നത്തുനാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയാൽ ഫലം പ്രവചനാതീതമാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മത്സരിച്ച വി ഫോര്‍ കൊച്ചി, യുഡിഎഫിനു കോര്പറേഷന് ഭരണം നഷ്ടപ്പെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
വി ഫോര്‍ കൊച്ചിയാണു വി ഫോര്‍ പീപ്പിൾ പാർട്ടി എന്ന നിലയിൽ നിയമസഭയിലേക്കു മത്സരിക്കാൻ ഒരുങ്ങുന്നത്. കൊച്ചി നിയമസഭാ മണ്ഡലത്തിൽ നിപുണ്‍ ചെറിയാൻ ഇവരുടെ സ്ഥാനാർഥിയാകും.