കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി എറണാകുളം സൗത്ത് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി 21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ് (34) എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.
പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ, പീഡനത്തിനുശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ലോഡ്ജ് എന്നിവ ഉൾപ്പെടെ ഏഴോളം സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.
ഡിംപിളിന്റെ ഫോണ് എവിടെ?
പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ നാലാം പ്രതി മോഡൽ ഡിംപിളിന്റെ ഫോണ് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ ആസൂത്രക ഡിംപിൾ തന്നെയാണെന്നാണ് പോലീസ് പറയുന്നത്.
മറ്റൊരു സംസ്ഥാനത്തുനിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടന്ന നിലപാടിലാണ് പോലീസ്. ഇവർ സെക്സ് റാക്കറ്റിലെ കണ്ണിയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഡിംപിളും ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകളും പോലീസ് പരിശോധിക്കും. ഡിംപിളിന്റെ യാത്രകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ഇതിനായി പ്രതികളുടെ ഫോണ് കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവം ഗൂഢാലോചനയുടെ ഭാഗമായാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഇതിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിൽ ലഭിച്ച ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ ഫോണ്വിളികളടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കാനൊരുക്കുന്നത്.
മറ്റു പ്രതികളുടെ മൊബൈൽഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പാസ് വേർഡ് ലോക്കുള്ളതിനാൽ ഇത് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 17ന് രാത്രി പത്തരയോടെയാണ് മോഡലിനെ മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തത്.