തൃശൂർ: വർഷങ്ങൾക്കു മുന്പ് സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇനിയും ആവർത്തിക്കരുതെന്ന തീരുമാനങ്ങൾ ഇല്ലാതാകുന്നു. ഏതു നിമിഷവും സൗമ്യമാർ എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ഉണ്ടാകാമെന്ന അവസ്ഥയാണെന്ന് ഭയത്തോടെ സ്ത്രീ യാത്രക്കാർ പറയുന്നു.
എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിന്റെ വൈകിയോട്ടം മൂലം സ്ത്രീ യാത്രക്കാർ തൃശൂരിൽ നിന്ന് സുരക്ഷിതമായി വീട്ടിലെത്താൻ മറ്റു വഴികൾ തേടേണ്ട ഗതികേടിലാണ്. എറണാകുളത്തു നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന ട്രെയിൻ ക്ഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും പിടിച്ചിട്ടതിനെ തുടർന്ന് പാതിരാത്രിക്കാണ് ഷൊർണൂരിലെത്തുന്നത്. രാത്രി 9.40ന് ഷൊർണൂരിലെത്തേണ്ട ട്രെയിൻ കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത് ഒന്പതരയ്ക്കാണ്.
അഞ്ചു സ്ഥലങ്ങളിലാണ് മറ്റു ട്രെയിനുകൾ കടത്തിവിടുന്നതിനായി പിടിച്ചിട്ടത്. ഇതോടെ രാത്രി ഏഴിന് തൃശൂരിലെത്തേണ്ട ട്രെയിനാണ് രണ്ടര മണിക്കൂറിലധികം വൈകിയെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമാണ് ട്രെയിൻ. എന്നാൽ വൈകിയോടുന്നതിനാൽ പലപ്പോഴും മരണഭീതിയിലാണ് സ്ത്രീ യാത്രക്കാർ ട്രെയിനിലുള്ളിൽ കഴിച്ചു കൂട്ടുന്നത്.
നിരവധി സ്ത്രീ യാത്രക്കാരാണ് ലേഡീസ് കന്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നത്. തൃശൂർ വിട്ടാൽ പിന്നെ വിജനമമായ സ്ഥലത്തുകൂടെയാണ് ട്രെയിൻ യാത്ര തുടരുന്നത്. ലേഡീസ് കന്പാർട്ട്മെന്റിൽ ആരെങ്കിലും കയറിയാൽ ഒന്നും ചെയ്യാനാകില്ല. സൗമ്യയുടെ ദുരന്തത്തിനുശേഷം ലേഡീസ് കന്പാർട്ട്മെന്റിൽ പോലീസുകാരെ നിയോഗിക്കുകയും വൈകിയോടൽ ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സഹായത്തിന് പോലീസു പോയിട്ട് യാത്രക്കാരെ പോലും കിട്ടാൻ സാധ്യതയില്ല.
ഗോവിന്ദച്ചാമിയെ പോലുള്ളവർ യാചകരുടെ വേഷത്തിൽ ഇപ്പോഴും ട്രെയിനുകളിൽ കയറിയിരിക്കുന്നുണ്ടെന്ന് സ്ത്രീ യാത്രക്കാർ പറയുന്നു. പേടിച്ച് വിറച്ചാണ് യാത്ര തുടരുന്നത്. എന്തെങ്കിലും സംഭവിച്ചാൽ ആരെയെങ്കിലും അറിയിച്ചാലും ജീവൻ തിരിച്ചു പിടിക്കാനുള്ള സമയം കിട്ടില്ല. അത്രയ്ക്ക കൂരിരുട്ടുള്ള സ്ഥലത്തുകൂടെയാണ് രാത്രി വൈക് യാത്ര ചെയ്യുന്നത്.
പാസഞ്ചർ ട്രെയിൻ ഇത്രയും വൈകി ഓടാൻ അനുവദിക്കരുതെന്ന പലതവണ റെയിൽവേ ഉദ്യോഗ്സഥരോട് പരാതി പറഞ്ഞെങ്കിലും ആരും ചെവിക്കൊള്ളുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. സുരക്ഷയ്ക്ക് പോലീസിനെ പോലും വിട്ടു നൽകുന്നില്ല. സൗമ്യമാർ ഇനിയും ഉണ്ടായാൽ മാത്രമേ റെയിൽവേയും അധികാരികളും കണ്ണുതുറക്കൂവെന്നാണ് ഇവരുടെ ആവലാതി. ട്രെയിൻ പിടിച്ചിടുന്നത് ഇല്ലാതാക്കിയാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാനാകും. എന്നിരുന്നാലും തൃശൂരിൽ നിന്നുള്ള യാത്ര രാത്രിയായതിനാൽ സുരക്ഷയും അത്യാവശ്യമാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.