കൊച്ചി: മെട്രോ നിർമാണ ജോലികൾ നടക്കുന്നതിനിടെ എറണാകുളം സൗത്ത് പാലത്തിൽ വിള്ളൽ. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു പാലത്തിന്റെ ഒരു വശത്തായി വിള്ളൽ രൂപപ്പെട്ടതെന്നു സമീപവാസികൾ പറയുന്നു. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടില്ലെങ്കിലും വിവിധ വകുപ്പുകളുടെ വിശദമായ പരിശോധന ഇന്നുണ്ടാകും. പാലത്തിൽനിന്നും പനന്പിള്ളി നഗർ ജംഗ്ഷനിലേക്ക് ഇറങ്ങുന്ന ഭാഗത്ത് അഞ്ചടിയോളം നീളത്തിലാണു വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
വിള്ളലിനെത്തുടർന്നു പാലത്തിന് ബലക്ഷയം ഉണ്ടോയെന്നത് ഉൾപ്പെടെ വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ വ്യക്തമാകൂ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. പാലത്തിനു സമീപത്തായി നടക്കുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങൾമൂലമാണോ വിള്ളൽ സംഭവിച്ചതെന്നും അന്വേഷിക്കുന്നതിന്റെ ഭാഗമായി മെട്രോ അധികൃതരും സ്ഥലം സന്ദർശിക്കുമെന്നാണു വിവരം.
അതേസമയം, പാലത്തിന് ബലക്ഷയം ഉണ്ടാകാനിടയില്ലെന്നാണു വിദഗ്ദാഭിപ്രായം. പൈലിംഗ് നടത്തിയതിനുശേഷമാണു പാലം നിർമിച്ചിട്ടുള്ളത്. പാലം നിർമാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിർമാണത്തിനായി ചില സ്ഥലങ്ങളിൽ മണ്ണും മറ്റും ഉപയോഗിച്ച് ഉയർത്തിയശേഷമാണ് ടാറിംഗ് നടത്തിയത്.
ഈ ഭാഗത്താകാം വിള്ളൽ സംഭവിച്ചിട്ടുള്ളതെന്നും വിശദമായ പരിശോധനയിൽ മാത്രമേ ഇതു സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. മെട്രോ നിർമാണത്തിന്റെ ഭാഗമായി പാലത്തിനു താഴ്ഭാഗത്തെ മണ്ണ് നീക്കയതുമൂലമാണു വിള്ളൽ സംഭവിച്ചതെന്നാണു സമീപവാസികൾ പറയുന്നത്. കനത്ത മഴയിൽ പാലത്തിനടിയിലെ മണ്ണിളകിയതാണെന്നാണു മെട്രോ നിർമാണ ഏജൻസിയുടെയും നിലപാട്.
പാലത്തിനു സമീപം പൈലിംഗ് ജോലികൾ പൂർത്തിയാക്കിയശേഷമാണു മെട്രോ തൂണുകളുടെ നിർമാണത്തിനായി മണ്ണ് നീക്കികൊണ്ടിരുന്നത്. കനത്ത മഴയിൽ ഇവിടെ വെള്ളം കെട്ടിക്കിടന്നതും മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ചതുമാണു വിള്ളൽ വീഴാൻ കാരണമായതെന്നും സൂചനയുണ്ട്. എന്നാൽ, വിദഗ്ധ പരിശോധനയിൽ മാത്രമേ ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകൂ.
ന്