കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്(ടിപിആര്‍) വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളിലാണു ടിപിആര്‍. രണ്ടു ദിവസംമുമ്പ് 12 ശതമാനത്തിലും താഴെയെത്തിയ ടിപിആറാണു കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളില്‍ തുടരുന്നത്.
ടിപിആര്‍ വീണ്ടും വര്‍ധിക്കുന്നതോടെ അടുത്ത ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടത്തേണ്ടിവരുമെന്ന നിലപാടിലാണ് അധികൃതര്‍.കോവിഡ് കൂടുതലായി പടരുന്ന പ്രദേശങ്ങളിലാകും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്നലെ ജില്ലയില്‍ 2,059 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
2,538 പേര് രോഗ മുക്തി നേടി. 2510 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5,385 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50,171 ആയി കുറഞ്ഞിട്ടുണ്ട്. 97 പേരെ ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 406 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,780 ആണ്. പരിശോധനയുടെ ഭാഗമായി ഇന്നലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നായി 12,168 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതായും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.9 ശതമാനമാണെന്നും അധികൃതര്‍ അറിയിച്ചു.