കൊച്ചി: അഞ്ചുനാൾ എറണാകുളം ജില്ലയെ പ്രളയക്കെടുതിയിൽ വിറപ്പിച്ച പെരുമഴ അല്പമൊന്നു ശമിച്ചെങ്കിലും കെടുതികളൊടുങ്ങുന്നില്ല. ആലുവ ഉൾപ്പടെയുള്ള ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. പെരിയാറിൽ ഒരടി ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.
പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ ഉൾപ്പെട്ട കിഴക്കൻ മേഖലകളിൽ വെള്ളം നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് ഒഴുകിയെത്തിയ വെള്ളം ഇപ്പോൾ ദുരിതം വിതച്ചിരിക്കുന്നത് പറവൂർ മേഖലകളിലാണ്. പെരിയാറിന്റെ ഏറ്റവും അറ്റത്തുള്ള പറവൂർ, ഏലൂർ മേഖലകൾ ഇപ്പഴും കടുത്ത വെള്ളക്കെട്ടിലാണ്. ഇന്നലെ വൈകിട്ടും പുലർച്ചെയുമായി കടൽ കരയിലേക്ക് കയറിയതിനാൽ പെരിയാറിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനായില്ല.
ഒഴുക്ക് നിശ്ചലമായതോടെ പറവൂർ ഉൾപ്പടെയുള്ള മേഖലകൾ വെള്ളത്തിനടിയിലായി. രാവിലെ മുതൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ മറ്റിടങ്ങളിലേക്കും വെള്ളക്കെട്ട് വ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതൽ ഹെലികോപ്ടറുകളിലും ബോട്ടുകളിലുമുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഒട്ടേറെ പേരെ ഫ്ളാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും രക്ഷിച്ചു ക്യാന്പുകളിൽ എത്തിച്ചിട്ടുണ്ട്.
ഒഴുക്ക് കൂടുതലായതിനാൽ മുപ്പത്തടം, കടങ്ങല്ലൂർ, ഏലൂർ മേഖലകളിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇടവിട്ടുള്ള മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. ആലുവ കവിഞ്ഞ് നഗരപ്രദേശങ്ങളിലേക്കു കയറിയ വെള്ളത്തിൽ വലിയ കുറവുണ്ടായിട്ടില്ല. ദേശീയപാത ഉൾപ്പടെ വെള്ളത്തിനടിയിലാണ്. കളമശേരി, കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ, മരട് നഗരസഭാ പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
പെരിയാറിൽനിന്ന് വെള്ളം കൈവഴികളിലേക്ക് ഒഴുകി തുടങ്ങിയതും കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്താൻ കാരണമായി. പതിനായിരത്തിലധികം വീടുകൾ ഇപ്പഴും വെള്ളത്തിലാണ്. നാല് ദിവസമായി വീടുകളുടെ ഉയർന്ന ഭാഗങ്ങളിലും ഫ്ളാറ്റുകളിലും ആരാധനാലയങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കുന്നവരും ഏറെയാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ മൂന്ന് ദിവസമായി ഇവർ സഹായത്തിനാൽ രക്ഷാപ്രവർത്തകർ ഉൾപ്പടെയുള്ളവരെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ വാസകേന്ദ്രങ്ങളിലേക്ക് മാറിയവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്.
റോഡുകളൊക്കെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ഈ പ്രദേശങ്ങളിലേക്ക് എത്താനും സാധിക്കുന്നില്ല. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഹെലികോപ്ടറുകളിലും മത്സ്യബന്ധന ബോട്ടുകളിലും ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും ഒന്നും മതിയാകുന്നില്ല.
ആലുവയിലെ പ്രധാന ദുരിതാശ്വാസ ക്യാന്പായ യുസി കോളജ് വെള്ളത്താൽ ഒറ്റപ്പെട്ടു. ഉൾപ്രദേശങ്ങളിലെ ക്യാന്പുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതബാധിതരെ ഇവിടേക്ക് മാറ്റിയതാണ്. പതിനായിരത്തിലേറെ ആളുകളാണ് ക്യാന്പിൽ കഴിയുന്നത്.
ഇവിടേക്കുള്ള റോഡുകൾ വെള്ളംമൂടിക്കിടക്കുന്നതിനാൽ ഇവർക്കെല്ലാമുള്ള ഭക്ഷണവും വെള്ളവും എത്തിക്കാനാകുന്നില്ല. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ വാട്ടർ അഥോറിറ്റി വലിയ കാനുകളിൽ വെള്ളം നിറച്ച് വച്ചിട്ടുണ്ടെങ്കിലും ക്യാന്പുകളിലേക്ക് എത്തിക്കാനുള്ള ബോട്ട് സൗകര്യം ലഭിച്ചിട്ടില്ല.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കുടുതൽ ടീമികളെ പ്രളയബാധിതപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴുള്ളതിനും കൂടുതൽ കരസേന അംഗങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. ദേശീയ ദുരിന്തനിവാരണ സേനയും രക്ഷാമുഖത്തുണ്ട്.
വൈപ്പിൻ, മുനന്പം, ചെല്ലാനം ഭാഗങ്ങളിൽ നിന്നു കൂടുതൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും എത്തി. അന്തരീക്ഷം അനുകൂലമായാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാകും. ഇന്നലെ പകൽ മഴ മാറി നിന്നിരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുകിടന്ന ആയിരത്തിലേറെ ആളുകളെ രക്ഷപെടുത്തി ക്യാന്പുകളിൽ എത്തിക്കാനായി. ഇനിയും ധാരാളം ആളുകൾ ഒറ്റപ്പെട്ടുകിടക്കുന്നുള്ളതായാണു വിവിരം.
ഫോണിൽ കിട്ടുന്നവരെയൊക്കെ വിളിച്ച് ഇവർ സഹായം അഭ്യർഥിക്കുന്നുണ്ട്. ഫോണ്, വാർത്താ വിനിമയ സംവിധാനങ്ങളൊക്കെ നിശ്ചലമായതിനാൽ പ്രതീക്ഷിച്ച വേഗത്തിൽ ഇവരുടെ അടുത്തെത്തി രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല.