കൊച്ചി: കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കി പേമാരി. ഇന്നലെ വൈകുന്നേരം മുതൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കൊച്ചി നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തില്‍ എംജി റോഡ്, ബാനര്‍ജി റോഡ്, എസ്എ റോഡ്, മേനക, നോര്‍ത്ത്, കലൂർ, പുല്ലേപ്പടി, കെഎസ്ആര്‍ടിസി സ്റ്റാൻഡ്, വൈറ്റില മേല്‍പ്പാലത്തിന് സമീപം, ഇടപ്പള്ളി-അരൂര്‍ ദേശീയപാത തുടങ്ങിയ മേഖലകളില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
കലൂര്‍ കതൃക്കടവ് റോഡിലും, കടവന്ത്ര പൊന്നുരുന്നി റോഡിലും ഏതാനും ഭാഗങ്ങളില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഈ റോഡുകൾ വെള്ളക്കെട്ടിലായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഇത് നിത്യ യാത്രക്കാരെയും ദീര്‍ഘദൂര യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും ഇന്നലെ രാത്രിയോടെ തന്നെ വെള്ളം കയറിയിരുന്നു. ഓഫീസ് മുറികളിലും വെള്ളം കയറിയ നിലയിലാണ്. യാത്രക്കാര്‍ക്ക് ബസുകളില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. എങ്കിലും ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിലെ മറ്റ് പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിനടിയിലാണ്.
റോഡുകളില്‍ വാഹനങ്ങളും നന്നേ കുറവാണ്. പല റോഡ് തകര്‍ന്നു കിടക്കുന്ന സ്ഥിതിയിലായതിനാല്‍ ചിലയിടങ്ങളില്‍ ഗതാഗതക്കുരും രൂപപ്പെട്ടിട്ടുണ്ട്. താരതമേന്യ കുറവാണെങ്കിലും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. കനത്ത മഴയില്‍ ബൂത്തുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പലരും രാവിലെ വോട്ട് ചെയ്യാനെത്തിയില്ല.
വൈറ്റില ജംഗ്ഷന് സമീപവും വടുതലയിലും മരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് വൈറ്റില-തൃപ്പൂണിത്തുറ റോഡില്‍ മരം കടപുഴകി വീണത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഹബ് വഴി തിരിച്ചുവിട്ടു.
വടുതലയില്‍ ഗേറ്റിന് സമീപമാണ് ഇന്ന് രാവിലെ വന്‍ മരം വീണത്. ഇവിടെയും ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. എറണാകുളം പിആന്‍ഡ് കോളനിയിലും കൊച്ചി ചുള്ളിക്കല്‍ ഭാഗത്തും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. മഴ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിആന്‍ഡ് കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.
നൂറോളം വീടുകളാണ് ഇവിടെയുള്ളത്. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. എറണാകുളം നഗരത്തിന്റെ സമീപത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പശ്ചിമകൊച്ചിയിലെ പലയിടത്തു വീടുകളില്‍ വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. പശ്ചിമ കൊച്ചിയില്‍ മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മുനമ്പത്ത് നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.