തിരുവനന്തപുരം: രണ്ടാഴ്ച നീളുന്ന യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടക്കമുള്ള സംഘവും ഇന്നു പുറപ്പെടും.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒപ്പം പങ്കെടുത്ത ശേഷം രാത്രിയോടെ പിണറായിയും സംഘവും യാത്ര തിരിക്കും.
ഡൽഹി വഴി ആദ്യം ഫിൻലൻഡിലേക്കാണ് പോകുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ടാകും.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ നാലു യൂറോപ്യൻ രാജ്യങ്ങളാണു സന്ദർശിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനാണ് സന്ദർശനം. മുൻപ് കേരളം സന്ദർശിച്ച ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സെന്റെ ക്ഷണപ്രകാരമാണു സന്ദർശനം.
പ്രമുഖ ബഹുരാഷ്ട്രകന്പനികൾ, ഐടി കന്പനികൾ എന്നിവയും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ട ് നോർവേ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണ്.
നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും. ഇവിടെയെത്തുന്പോൾ മന്ത്രി പി. രാജീവും വി. അബ്ദു റഹ്മാനും സംഘത്തിനൊപ്പം ചേരും.
പിന്നീട് ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കും. വെയിൽസിലെ ആരോഗ്യമേഖലയെക്കുറിച്ചും ചർച്ചകളുണ്ടാകും. മന്ത്രി വീണാ ജോർജും ഇവിടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ലണ്ടനിൽ ലോകകേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കും.
150 പ്രവാസികൾ പങ്കെടുക്കും. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുകെയിലെ വിവിധ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ളവ സന്ദർശിക്കും. പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്.
കൂടാതെ ടൂറിസം, ആയുർവേദമേഖലകൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകളും സംഘടിപ്പിക്കും. ലണ്ടനിലും മന്ത്രി പി. രാജീവ് സംഘത്തിലുണ്ടാകും.
ഒക്ടോബർ 14ന് തിരിച്ചെത്തുമെന്നാണ് നേരത്തെ അറിയിച്ചതെങ്കിലും കഴിഞ്ഞ മന്ത്രിസഭയിൽ 12നു മടങ്ങിയെത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. മടങ്ങിയെത്തുന്പോൾ ഗൾഫ് രാജ്യങ്ങൾ കൂടി സന്ദർശിക്കുമോയെന്നും വ്യക്തമല്ല.