റാഞ്ചി: എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയവര്‍ക്ക് കിട്ടിയത് 2000 രൂപ. 20000 പിന്‍വലിക്കാനെത്തിയവര്‍ക്ക് കിട്ടിയത് 80000 രൂപ. എന്തായാലും മണിക്കൂറുകള്‍ കൊണ്ട് ബാങ്കിന് നഷ്ടമായത് 25 ലക്ഷം രൂപയാണ്.
അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധവശാല്‍ നിറച്ചതാണ് ഇടപാടുകാര്‍ക്ക് സൗഭാഗ്യം ലഭിക്കാന്‍ കാരണം. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് ഇത്രയും വലിയ തുകയുടെ നഷ്ടമുണ്ടാക്കിയത്.
ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ കിട്ടി 20,000 പിന്‍വലിച്ചവര്‍ക്ക് 80,000 രൂപ കിട്ടി. ഇങ്ങനെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് നോട്ടുകളുലെ പെരുമഴ തന്നെയായിരുന്നു. 12 മണിക്കൂറിനകം എടിഎമ്മും കാലിയാവുകയും ചെയ്തു.
എടിഎമ്മില്‍ നിന്നും അധികപണം ലഭിക്കുന്നു എന്ന് അറിഞ്ഞ് നിരവധി പേര്‍ പണം പിന്‍വലിക്കുകയും ചെയ്തു. പണം പിന്‍വലിച്ചവരുടെ വിവരം ബാങ്ക് ശേഖരിക്കുകയും അധികമായി ലഭിച്ച തുക തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമല്ലായിരുന്നു.
ഏജന്‍സിയുടെ പിഴവ് മൂലം നഷ്ടമുണ്ടായാല്‍ ആ തുക തിരിച്ച് പിടിക്കേണ്ടത് ഏജന്‍സിയില്‍ നിന്ന് തന്നെയാണ്. പണം തിരികെ അടയ്ക്കാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും ബാങ്ക് ശ്രമം തുടരുന്നുണ്ടെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് രാജീവ് ബാനര്‍ജി വ്യക്തമാക്കി.