ഭക്തരെ പിഴിഞ്ഞ്..! നടുറോഡില്‍ ചെണ്ടയടിച്ചാല്‍ പഴിയായി ദേവസ്വം ബോര്‍ഡിന് കിട്ടുന്നത് ലക്ഷങ്ങള്‍ ; എരുമേലി പേട്ടതുള്ളലിന് അകമ്പടി പോകുന്ന മേളക്കാരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്

ktm-pettathullalഎരുമേലി: റോഡ് നിര്‍മിച്ചത് സര്‍ക്കാര്‍. ആ റോഡില്‍ ഒന്ന് ചെണ്ടകൊട്ടിയാല്‍ 15 രൂപ ഫീസ് നല്‍കണം. ഫീസ് വാങ്ങുന്നത് സര്‍ക്കാരോ, പൊതുമരാമത്ത് വകുപ്പോ അല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനായി ലേലം നടത്തി ദേവസ്വം ബോര്‍ഡ് വാങ്ങിയത് ഒന്നും രണ്ടും ലക്ഷമല്ല. 23 ലക്ഷം രൂപ. ഇത്രയും വന്‍തുക നല്‍കി ലേലം പിടിച്ചയാള്‍ 15 ന് പകരം കൂടുതല്‍ തുക ഫീസായി ഈടാക്കുന്നതിന് കമ്മീഷനും നല്‍കേണ്ടിവന്നു.

കേട്ടുകേഴ്‌വി പോലുമില്ലെന്ന് തോന്നിയേക്കാവുന്ന ഈ സംഭവം എരുമേലിയിലാണ്. ശബരിമല തീര്‍ഥാടനകാലത്താണ് എരുമേലി പേട്ടക്കവല റോഡില്‍ ചെണ്ട കൊട്ടുന്നവര്‍ ഫീസ് നല്‍കേണ്ടി വരുന്നത്. അയ്യപ്പഭക്തര്‍ പേട്ടതുള്ളുമ്പോള്‍ അകമ്പടി വാദ്യമേളം നടത്തുന്നവരാണ് ഫീസ് നല്‍കേണ്ടത്. പതിറ്റാണ്ടുകളായി ചെണ്ടകൊട്ടലിന്റെ പേരില്‍ ഓരോ തീര്‍ഥാടന കാലത്തും ലക്ഷങ്ങളാണ് ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാദ്യമേളം നടത്താന്‍ തീര്‍ഥാടനകാലത്ത് തമിഴ്‌നാട്ടുകാരായ നൂറുകണക്കിന് തൊഴിലാളികളെത്തും. ഇവയ്ക്ക് പുറമെ നാട്ടുകാരായ ചെണ്ടയിടിക്കാരുമുണ്ട്. മുന്‍കാലങ്ങളില്‍ പേട്ടതുള്ളലുകള്‍ക്കൊപ്പം വാദ്യമേളം കൊച്ചമ്പലത്തില്‍ തുടങ്ങി വലിയമ്പലത്തിലാണ് അവസാനിച്ചിരുന്നത്. ലേലം നടത്തി ഫീസിടാക്കാന്‍ അക്കാലത്ത് ദേവസ്വം പറഞ്ഞിരുന്ന കാരണമിതായിരുന്നു. ഇതിനെതിരെ ചില്‍ കോടതിയെ സമീപിച്ചപ്പോള്‍ ക്ഷേത്രങ്ങളില്‍ വാദ്യമേളം പ്രവേശിക്കുന്നതിനാല്‍ ഫീസ് ഈടാക്കാന്‍ ദേവസ്വത്തിന് അവകാശമുണ്ടെന്ന് കോടതി തീര്‍പ്പ് നല്‍കി.

ഇതോടെ കാലക്രമേണ ലേലം നിയമപരമായെങ്കിലും ദേവസ്വത്തിന് ഫീസ് നല്‍കാതിരിക്കാന്‍ വേണ്ടി ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെ വാദ്യമേളം നടത്തുന്ന സ്ഥിതിയിലായി. ഇത് കരാറുകാരനും വാദ്യമേള തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം പതിവാക്കിയിട്ടും ലേലം നിര്‍ത്തലാക്കാനായില്ല. ചെണ്ടയടി റോഡിലേയ്ക്ക് മാത്രമായി മാറിയിട്ടും ലേലത്തുക കൂടിയതല്ലാതെ ലേലം അവസാനിപ്പിക്കാനായില്ല. ഒരു പേട്ടതുള്ളല്‍ സംഘത്തിന് വേണ്ടി വാദ്യമേളം നടത്തുമ്പോള്‍ 15 രൂപ ഫീസ് നല്‍കണം.

തമിഴ്‌നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ഇരട്ടി ഫീസാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. ഓരോ മേളത്തിനും ഫീസ് ലഭിക്കുന്നതിലൂടെ വന്‍ തുകയാണ് കരാറുകാരനിലേയ്ക്ക് എത്തുക. ഇത് മുന്‍നിര്‍ത്തി മത്സരത്തിലൂടെ ഉയര്‍ന്ന തുകയിലാണ് ലേലത്തില്‍ കരാറുറപ്പിക്കുന്നത്. മരാമത്ത് റോഡില്‍ ചെണ്ടയടിക്കുന്നത് ദേവസ്വം ഫീസ് വാങ്ങുന്നത് അനീതിയാണെന്നും ഭക്തരോടുള്ള ചൂഷണമാണെന്നും ആക്ഷേപമുണ്ട്. അമിതഫീസ് ഈടാക്കുന്നതിനാണ് കമ്മീഷന്‍ നല്‍കിയതെന്ന് പറയുന്നു.

Related posts