എരുമേലി: മാലിന്യമിടുന്നത് കണ്ടാൽ എരുമേലി പഞ്ചായത്ത് ആയിരം രൂപ നൽകും. പൊതുസ്ഥലത്ത് മാലിന്യങ്ങൾ ഇട്ടാൽ ആദ്യം പോയി തെളിവ് നൽകി ആയിരം രൂപ വാങ്ങാം. മാലിന്യങ്ങൾ ഇട്ടവർ ആരാണെന്ന് വ്യക്തമാക്കുന്ന തെളിവ് നൽകിയാൽ പാരിതോഷികമായിട്ടാണ് തുക നൽകുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, മെംബർ കെ. ആർ. അജേഷ്, സെക്രട്ടറി പി.എ. നൗഷാദ് എന്നിവർ അറിയിച്ചു.
ചിങ്ങം ഒന്ന് മുതൽ പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി. പോലീസ്, വ്യാപാരി സംഘടന പ്രതിനിധികൾ, ഹരിതമിഷൻ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാലിന്യങ്ങൾ ഇടുന്നതും ആരാണെന്നും വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ, ഫോട്ടോ, സാക്ഷി മൊഴി എന്നിവയിൽ ഒന്ന് തെളിവായി നൽകിയാലാണ് പാരിതോഷികം.
തെളിവ് നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കിവെക്കും. മാലിന്യമിട്ടവർക്കെതിരേ ക്രിമിനൽ കേസെടുക്കുന്നതിന് പുറമെ പിഴ ഈടാക്കും. തിരുവല്ല നഗരസഭ ഇതേ പ്രഖ്യാപനം കഴിഞ്ഞയിടെ നടത്തിയിരുന്നു. ഇത് എരുമേലിയിൽ നടപ്പിലാക്കണമെന്ന് നിർദേശങ്ങൾ ഉയർന്നതോടെയാണ് പാരിതോഷികം നൽകാൻ തീരുമാനമായത്.
നാളുകളായി മാലിന്യപ്രശ്നത്തിൽ കുഴഞ്ഞിരിക്കുകയാണ് പഞ്ചായത്ത്. ആധുനിക രീതിയിലുള്ള പദ്ധതി ആവിഷ്കരിച്ചിട്ടും പൊതുസ്ഥലങ്ങളിലെ മാലിന്യമിടലിന് കുറവില്ല. പോലീസ് നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും ദിവസവും പാതയോരത്ത് മാലിന്യങ്ങൾ കുമിയുകയാണ്. ദിവസങ്ങളും ആഴ്ചകളുമായി മാലിന്യങ്ങൾ നീക്കാതെ നാറ്റം കൂടിവന്നതോടെ പഞ്ചായത്ത് തന്നെ നീക്കം ചെയ്യേണ്ടി വന്നു.
മാലിന്യങ്ങൾ ഇടുന്നതിന് എട്ട് സ്ഥലങ്ങളിൽ കിയോസ്കുകൾ ഉണ്ട് . ജൈവം, അജൈവം, പ്ലാസ്റ്റിക്, എന്നിങ്ങനെ തരം തിരിച്ച് നൽകണം. മാലിന്യങ്ങൾ സ്വീകരിക്കുന്നതിന് കിയോസ്കുകളിൽ കുടുംബശ്രീ വനിതകളുണ്ട്. പകൽ സമയത്താണ് പ്രവർത്തനം.
വീടുകളിൽ പ്ലാസ്റ്റിക് ശേഖരണത്തിന് വനിതകളുടെ ഹരിതകർമസേനയുണ്ട്. പ്ലാസ്റ്റിക് പൊടിച്ച് സംസ്കരിക്കുന്നതിന് കമുകുംകുഴി യൂണിറ്റിൽ ഷ്രഡിംഗ് മെഷീൻ ഉണ്ട്. ജൈവ മാലിന്യങ്ങൾ ഈ യൂണിറ്റിൽ വളമാക്കും. അജൈവ മാലിന്യങ്ങൾക്ക് പുതിയ ഇൻസിനേറ്റർ സ്ഥാപിക്കുന്നുമുണ്ട്. പാരിതോഷികം പ്രഖ്യാപിച്ചതോടെ മാലിന്യപ്രശ്നം ഒഴിയുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.