കോട്ടയം: വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരുന്പു കുറ്റികൾ അപകടകെണിയാകുന്നു. കോട്ടയം- കുമരകം റോഡിൽ ദീപിക ഓഫീസിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരുന്പു കുറ്റികളാണ് വാഹനങ്ങളുടെ ടയറുകൾക്ക് അപകട കെണിയാകുന്നത്.
ഇന്നലെ രാത്രിയിൽ ഇവിടെ പാർക്ക് ചെയ്യാനെത്തിയ ലോറിയുടെ മുന്നിലെയും പിന്നിലെയും ടയറുകൾ ഇരുന്പു കുറ്റിയിൽ കയറി തകർന്നിരുന്നു.
മാസങ്ങൾക്കു മുന്പാണ് ഈ റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയതിനുശേഷം ഏതാനും മീറ്ററുകൾ മുന്നോട്ട് മാറി പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടി ഇരുന്പു പ്പൈുകൾ സ്ഥാപിച്ചു ചെറിയ കുറ്റികൾ നിർമിച്ചത്.
പൊക്കമില്ലാതെ റോഡ് നിരപ്പിൽ തന്നെയാണ് ഇരുന്പു പൈപ്പുകളുടെ കുറ്റികളും സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡായതിനാൽ കുറ്റികൾ സ്ഥാപിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെടാതെ പാർക്കിംഗിന്് എത്തുന്ന വാഹനങ്ങളുടെ ടയറുകൾ കുറ്റികളിൽ കയറി തകർന്നാണ് അപകടമുണ്ടാകുന്നത്.
ഇന്നലെ രാത്രിയിൽ അരിയുമായി പെരുന്പാവൂരിലേക്കു പോവുകയായിരുന്നു ലോറി. ഡ്രൈവർക്ക് ഉറക്കം വന്നതോടെ സൈഡിലേക്കു മാറ്റി ലോറി പാർക്ക് ചെയ്യുകയായിരുന്നു. ഈ സമയം ലോറിയുടെ ടയറുകൾ ഇരുന്പു കുറ്റികളിൽ കയറി വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
രാത്രികാലങ്ങളിൽ മാത്രമല്ല പകൽ സമയങ്ങളിൽ ഇവിടെ പാർക്ക് ചെയ്യാൻ എത്തുന്ന വാഹനങ്ങളുടെ ടയറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാനമായി രീതിയിൽ കാർ പാർക്ക് ചെയ്യാൻ എത്തിയവരും അപകടത്തിൽപ്പെട്ടിരുന്നു.
റോഡ് നിരപ്പിൽ തന്നെ ഇരുന്പു കുറ്റികൾ നില്ക്കുന്നതിനാൽ ഇവ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാറില്ല. ഇതാണ് ടയറുകൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്.
മാസങ്ങൾക്കു മുന്പു ഇരുന്പ് കുറ്റികൾ സ്ഥാപിച്ചിട്ടും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. നിരവധി തവണ വാഹനങ്ങളുടെ ടയറുകൾ അപകടത്തിൽപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.